Latest News

ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് ഇറാനിൽ പത്ത് വർഷം തടവ് ശിക്ഷ

Published

on

ടെഹ്‌റാൻ . ഹിജാബ് ധരിക്കാത്തവർക്ക് പത്ത് വർഷം തടവ് ശിക്ഷ നൽകുന്ന ബില്ലിന് ഇറാൻ നിയമനിർമ്മാണ സഭ അംഗീകാരം നൽകി. ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കർശനമായ ഡ്രസ് കോഡ് ലംഘിക്കുകയാണെന്ന് പറഞ്ഞാണ് ബിൽ അടിയന്തമായി പാസാക്കിയത്.

കരട് നിയമപ്രകാരം, ശിരോവസ്ത്രമോ ഉചിതമായ വസ്ത്രമോ ധരിക്കുന്നതിൽ പരാജയപ്പെടുന്ന സ്ത്രീകൾക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കൂടാതെ മാദ്ധ്യമങ്ങളിലും സോഷ്യൽ നെറ്റ്വർക്കുകളിലും നഗ്‌നത പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കിൽ ഹിജാബിനെ കളിയാക്കുന്ന വർക്ക് പിഴ ചുമത്താൻ ബിൽ നിർദ്ദേശിക്കുന്നു.

സ്ത്രീകൾ മാന്യമായ വസ്ത്രവും ധരിക്കുന്നില്ലെന്നും ഇനി അത് അംഗീകരിക്കാൻ കഴിയില്ലെന്നും നിയമനിർമ്മാണ സഭ വ്യക്തമാക്കിയതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഹിജാബ് ധരിക്കാത്തതോ ശരിയായ വസ്ത്രം ധരിക്കാത്തതോ ആയ ഒരു സ്ത്രീ വാഹനത്തിൽ കയറിയാൽ വാഹനങ്ങളുടെ ഉടമകൾക്കും പിഴ ചുമത്തും. ഇസ്ലാമിക ജീവിതശൈലിയിൽ അവതരിപ്പിക്കുന്ന പ്രോഗ്രാമുകളാണ് ചാനലുകൾ സംപ്രേക്ഷണം ചെയ്യേണ്ടത്. യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ പവിത്രതയും ഹിജാബും കണക്കിലെടുക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നതായി വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

1979-ലെ ഇസ്ലാമിക വിപ്ലവം മുതൽ ഇറാനിൽ സ്ത്രീകൾക്ക് തലയും കഴുത്തും മൂടുന്നത് നിർബന്ധമായിരുന്നു. ഹിജാബ് അടിച്ചേൽപ്പിക്കാൻ തീവ്ര ശ്രമമാണ് ഇസ്ലാമിക ഭരണ കൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നിയമം പാലിക്കാത്തതിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പൊതുസ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ശിരോവസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് മതപോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22 കാരിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനു തുടക്കം കുറിക്കുന്നത്. ഡസൻ കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അക്രമങ്ങളിൽ കൊല്ലപ്പെട്ടു. വിദേശ ശക്തികകളാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് ഇക്കാര്യത്തിൽ ഇറാൻ ഭരണകൂടം ആരോപിച്ചിരുന്നത്.

എട്ട് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധർ ഈ മാസമാദ്യം, ബില്ലിനെ ലിംഗ വർണ്ണവിവേചനം എന്ന് വിശേഷിപ്പിച്ചിരുന്നു. സാംസ്‌കാരിക ജീവിതത്തിൽ പങ്കാളികളാകാനുള്ള അവകാശം, ലിംഗവിവേചനം, സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രവേശനത്തിനുള്ള അവകാശം എന്നിവയുൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് ബില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version