Latest News
വാസവന്റെയും ജെയ്ക്കിന്റെയും പെരുന്ന സന്ദര്‍ശനം വെറുതെയാകുമോ?
സിപിഎമ്മും എന്‍എസ്എസുമായുള്ള പ്രശ്നങ്ങളില്‍ മുറിവുണക്കാനുള്ള ഒരു ശ്രമവും നടക്കാതിരിക്കെ, വാസവന്റെയും ജെയ്ക്കിന്റെയും പെരുന്ന സന്ദര്‍ശനം വെറുതെയാകുമെന്നു റിപ്പോർട്ടുകൾ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന നിലപാടില്‍ തന്നെയാണ് എന്‍എസ്എസ്. സി പി എമ്മിന് ആത്മാര്‍ത്ഥയില്ലെന്ന നിലപാടില്‍ എന്‍എസ്എസ് ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് വാസവന്റെയും ജെയ്ക്കിന്റെയും പെരുന്ന സന്ദര്‍ശനം വെറുതെയാകുമെന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.
വാസവന്റെയും ജെയ്ക്കിന്റെയും പെരുന്ന സന്ദര്‍ശനം മയപ്പെടുത്തല്‍ തന്ത്രം മാത്രമാണെന്നാണ് എൻ എൻ എസ്സിന്റെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പുതുപ്പള്ളിയിൽ നായര്‍ വോട്ടുകൾ ജയ്ക്കിനു ലഭിക്കാനുള്ള സാധ്യതയില്ല. മിത്ത് വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ പ്രതികരിച്ചിരുന്നത്. വിവാദം ഉപ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജനറല്‍ സെക്രട്ടറിയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നു.
മന്ത്രി വി.എന്‍.വാസവന്റെയും സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന്റെയും എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനം കൊണ്ട് വിശേഷിച്ച് ഒരു ഗുണവും സിപിഎമ്മിന് ലഭിക്കാന്‍ സാധ്യതയില്ല എന്നതാണ് വാസ്തവം. പുതുപ്പള്ളി തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ എന്‍എസ്എസിനെ മയപ്പെടുത്താനാണ് വാസവനും ജെയ്ക്കും എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്.
എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും മന്ത്രി വി.എൻ. വാസവനും സന്ദർശിച്ചതിന് പിന്നാലെ മിത്ത് വിവാദം പുതുപ്പള്ളിയിൽ വിഷയമാക്കില്ലെന്നും സമദൂരമായിരിക്കുമെന്നും എൻ.എസ്.എസ് കൈക്കൊള്ളുകയെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു. അധികം വൈകാതെ എൻ എൻ എസ് മുന്‍നിലപാടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
വി.എന്‍.വാസവനും ജെയ്ക്കും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചപ്പോള്‍ നാമജപക്കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ചയുണ്ടായില്ല. സിപിഎമ്മും എന്‍എസ്എസുമായുള്ള പ്രശ്നങ്ങളില്‍ മുറിവുണക്കാനുള്ള ഒരു ശ്രമവും ഉണ്ടായതുമില്ല. തിരുവനന്തപുരത്തെ നാമജപ ഘോഷയാത്ര കേസ് പിന്‍വലിക്കുന്നത് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമാണെന്നാണ് എന്‍എസ്എസ് വൃത്തങ്ങള്‍ തുറന്നടിക്കുന്നത്.
ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോഴും എന്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസുകൾ നില നിൽക്കുകയാണ്. എന്‍എസ്എസ് ട്രഷറര്‍ അയ്യപ്പന്‍ പിള്ള ശബരിമല കേസില്‍ പ്രതിയാണ്. ഇതുകൊണ്ട് തന്നെയാണ് സിപിഎം തെറ്റ് തിരുത്തല്‍ നടപടികള്‍ തുടരണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി തുടർച്ചയായി ആവശ്യപ്പെട്ടിരുന്നത്. സിപിഎമ്മും എന്‍എസ്എസും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടരും എന്ന സൂചനയാണ് സുകുമാരൻ നായരുടെ വാക്കുകളും സൂചന നൽകുന്നത്.