Entertainment
‘കിങ് ഓഫ് കൊത്ത’യെ ആക്രമിക്കുന്നത് എന്തിന്? നൈല ഉഷ
ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ഇങ്ങനെ ആക്രമിക്കുന്നത് എന്തിന് ? ഇതിലുള്ള താരങ്ങൾക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നത്. ‘കിങ് ഓഫ് കൊത്ത’ സിനിമയ്ക്കെതിരെ നടക്കുന്ന നെഗറ്റിവ് ക്യാംപെയ്നെതിരെ പ്രതികരിച്ച് നൈല ഉഷ. ‘എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് കിങ് ഓഫ് കൊത്ത. ഞാൻ അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാൻ അല്ല ഞാൻ, പക്ഷേ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്.’–നൈല ഉഷ പറയുന്നു.
‘എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകൾ പ്രചരിപിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എല്ലാവരും സിനിമ തിയറ്ററില്‍ കാണട്ടെ, അതിന് അവസരം കൊടുക്കു. അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്ന് ഒക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ ഞാൻ പറയൂ.’ നൈല ഉഷ പറയുന്നു.
ദുൽഖർ സൽമാന്‍ നായകനായ ‘കിങ് ഓഫ് കൊത്ത’ സംവിധാനം ചെയ്തിട്ടുള്ളത് അഭിലാഷ് ജോഷിയാണ്. സംവിധായകന്‍ ജോഷിയുടെ മകന്റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ആയിട്ടാണ് കിങ് ഓഫ് കൊത്ത എത്തിയിട്ടുള്ളത്.