Latest News

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ-എല്‍ 1നെ പറ്റി അറിയുമ്പോൾ നിഗർ ഷാജിയെ പറ്റിയും അറിയണം

Published

on

ചന്ദ്രയാന്‍-3 ന്റെ വിജയത്തിന് ശേഷമാണ് രാജ്യത്തിൻറെ മറ്റൊരു അഭിമാനമായ സൂര്യപര്യവേക്ഷണത്തിനായുള്ള പേടകം വിജയകരമായി ഇന്ത്യയുടെ സ്വന്തം ഐഎസ്ആർഒ വിക്ഷേപിക്കുന്നത്. ഇതിനായി രൂപകല്‍പന ചെയ്ത ആദിത്യ-എല്‍1 പേടകം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ശനിയാഴ്ചയാണ് വിക്ഷേപിക്കുന്നത്. ആദിത്യ-എല്‍1നെ പറ്റി പറയുമ്പോൾ നിഗർ ഷാജി എന്ന 59 കാരിയെ പറ്റി പറയേണ്ടിയിരിക്കുന്നു. അറിയേണ്ടിയിരിക്കുന്നു. പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടർ ആണ് നി​ഗർ ഷാജി.

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ നിന്നുള്ള ശാസ്ത്രജ്ഞയാണ് ആദിത്യ-എല്‍1 ന്റെ പ്രൊജക്റ്റ് ഡയറക്ടർ കൂടിയായ നി​ഗർ ഷാജി. കർഷകനായ ഷെയ്ഖ് മീരന്റെയും വീട്ടമ്മയായ സൈത്തൂൺ ബീവിയുടെയും മകൾ. തിരുനെൽവേലി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നി​ഗർ ഷാജി തുടർന്ന് റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

1987-ൽ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ചേർന്ന നി​ഗർ ഷാജി, ബെംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദിത്യ-എൽ1 ന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് നിരവധി പ്രധാന സ്ഥാനങ്ങൾ അവർ വഹിച്ചിരുന്നു. ഐഎസ്ആർഒയിലെ സാറ്റലൈറ്റ് ടെലിമെട്രി സെന്ററിന്റെ മേധാവി, ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ റിസോഴ്‌സ്‌സാറ്റ് -2 എയുടെ (Resourcesat-2A) അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ, എന്നിവ ഇതിൽ ചിലത് മാത്രം..

നി​ഗർ ഷാജി ഇപ്പോൾ അമ്മയ്ക്കും മകൾക്കുമൊപ്പം ബെംഗളൂരുവിലാണ് താമസം. ഭർത്താവ് മിഡിൽ ഈസ്റ്റിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. മകൻ നെതർലാൻഡിൽ ശാസ്ത്രജ്ഞൻ. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയത്തിന് തൊട്ട് പിറകെ, സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ സോളാര്‍ ദൗത്യമായ ആദിത്യ എല്‍-1 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിക്കുന്നത്.. സൂര്യനിലെ ലഗ്രാഞ്ച് പോയിന്റ് -1 അഥവാ എല്‍-1 മേഖലയിലാണ് പേടകം എത്തുക. 120 ദിവസത്തിനുള്ളില്‍ പേടകം ഈ മേഖലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷം വരെ ആയുസുള്ള പര്യവേക്ഷണ പേടകമാണിത്.

ആദിത്യ എല്‍-1 ന്റെ ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തുന്ന ഘട്ടം ഞായറാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത ഘട്ടം സെപ്റ്റംബര്‍ അഞ്ചിനാണ് തീരുമാനിച്ചിരിക്കുന്നത്. ആകെ അഞ്ച് ഘട്ടങ്ങളിലായാണ് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ 16 ദിവസമായിരിക്കും ആദിത്യ എല്‍-1 ഉണ്ടാകുക. ഭ്രമണപഥം ഉയര്‍ത്തുന്നത് പൂര്‍ത്തിയായ ശേഷം ഉപഗ്രഹം സൂര്യനടുത്തുള്ള എല്‍-1 ബിന്ദു ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. തുടർന്ന് ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ ആരംഭിക്കും. ഏകദേശം 110 ദിവസത്തിനു ശേഷം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും. ഇതിനുശേഷം എല്‍-1ന് സമീപമുള്ള ഹലോ ഓര്‍ബിറ്റിലേക്ക് ആദിത്യ എല്‍-1 എത്തിച്ചേരും. ഭൂമിയും സൂര്യനും ചെലുത്തുന്ന ഗുരുത്വാകര്‍ഷണ ബലം പരസ്പരം ഇല്ലാതാക്കുന്ന ഇടമാണ് ലാഗ്രന്‍ജിയന്‍ 1 പോയിന്റ് (എല്‍-1). ഇത് ഉപഗ്രഹത്തെ ഒരിടത്തുതന്നെ നിലയുറപ്പിക്കാന്‍ സഹായിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version