Latest News

മന്ത്രി ചിഞ്ചുറാണി പറഞ്ഞത് നുണ, സതിയമ്മ കുടുംബശ്രീ നിയോഗിച്ച താൽക്കാലിക ജീവനക്കാരി,വിവരങ്ങൾ പുറത്ത്

Published

on

കോട്ടയം . മൃഗസംരക്ഷണ വകുപ്പിൽ താൽക്കാലിക ജീവനക്കാരി അല്ല സതിയമ്മയെന്നു മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞത് നുണ. മൃഗസംരക്ഷണ വകുപ്പിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു താൻ തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് പിഒ സതിയമ്മ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പറ്റി നല്ല വാക്ക് പറഞ്ഞതിന്റെ പേരിൽ ജോലിയിൽ നിന്നും രാഷ്ട്രീയ കളി മൂലം പുറത്താക്കപ്പെട്ട സതിയമ്മ, താൻ താൽക്കാലിക ജീവനക്കാരിയായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വിട്ടിരിക്കുകയാണ്.

കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന സതിയമ്മയുടെ കുടുംബത്തിന്റെ കഞ്ഞികുടി, ഉമ്മചാണ്ടിയെ പറ്റി നല്ല വാക്ക് പറഞ്ഞതിനാണ് മുടക്കിയത്. സതിയമ്മ ആൾമാറാട്ടം നടത്തി തന്റെ ജോലി തട്ടിയെടുത്തെന്ന പരാതിയുമായി ‘ഐശ്വര്യ കുടുംബശ്രീ’ മുൻ അംഗം ലിജിമോൾ രംഗത്തെത്തിയിരുന്നു. ലിജിമോളുടെ പരാതിയിൽ സതിയമ്മയ്ക്കെതിരെ 25നു കേസെടുക്കുകയും ഉണ്ടായി. കുടുംബശ്രീ പ്രസിഡന്റ് സുധാമോൾ, സെക്രട്ടറി ജാനമ്മ, മൃഗാശുപത്രിയിലെ അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ ബിനുമോൻ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്.

ഇതോടെയാണ് താത്കാലിക ജീവനക്കാരിയാണെന്ന് തെളിയിക്കുന്ന രേഖകൾ സതിയമ്മ പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് മൂന്ന് മാസം ശമ്പളം മുടങ്ങിയപ്പോൾ നൽകിയ പരാതിയിൽ വകുപ്പ് നടപടിയെടുത്തതിന്റെ രേഖകളും, കാഷ്വൽ സ്വീപ്പറായി സതിയമ്മയെ ജോലിയിൽ ചേർക്കുന്നതിനെ പിന്തുണച്ച് ഐശ്വര്യ കുടുംബശ്രീ അംഗങ്ങൾ ഒപ്പിട്ട സമ്മതപത്രവുമാണ് സതിയമ്മ പുറത്തുവിട്ടിട്ടുള്ളത്. ഇതേ സമ്മതപത്രത്തിൽ സതിയമ്മയ്ക്കെതിരെ പരാതി നൽകിയ ലിജിമോളും ഒപ്പിട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

ലിജി മോൾ എന്നയാളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നുമായിരുന്നു മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞിരുന്നത്. ശമ്പളം പോകുന്നതും ജിജിമോളുടെ അക്കൗണ്ടിലേക്കാണെന്നും വിവാദമയുണ്ടായതിനു പിന്നാലെ മന്ത്രി പ്രസ്താവന നടത്തിയിരുന്നതാണ്.

അതേസമയം, കുടുംബശ്രീയുടെ അക്കൗണ്ടിലേക്കാണ് ശമ്പളം വന്നിരുന്നതെന്നും കുടുംബശ്രീയിൽ നിന്ന് ചെക്ക് ഒപ്പിട്ട് താനാണു പണം കൈപ്പറ്റിയിരുന്നതെന്നും ലിജിമോളുടെ അക്കൗണ്ടിലേക്ക് മൃഗസംരക്ഷണ വകുപ്പ് ഒരിക്കലും പണം നൽകിയിട്ടില്ലെന്നും സതിയമ്മ വെളിപ്പെടുത്തുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൊല്ലാടിനൊപ്പം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സതിയമ്മ തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത്.

(വാൽ കഷ്ണം : സതിയമ്മയുടെ കുടുംബത്തിന്റെ കഞ്ഞി കുടി മുട്ടിച്ച ചിഞ്ചുറാണി മന്ത്രിക്ക് അഭിവാദനങ്ങൾ, മന്ത്രി കസേരയിലിരുന്നു തെറ്റായ വിവരങ്ങൾ താൽക്കാലിക രക്ഷക്കായി വിളിച്ചു പറയുന്നത് ഭൂക്ഷണമല്ല )

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version