Crime

വയനാട്ടിൽ മാവോയിസ്റ്റ് ആക്രമണം, കെഎഫ്ഡിസി ഓഫീസ് അടിച്ചുതകര്‍ത്തു

Published

on

വയനാട് തലപ്പുഴ കമ്പമലയിലെ കെഎഫ്ഡിസി ഓഫീസിനു നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. ഓഫീസിലെ ജനൽ ചില്ലുകളും മറ്റും മാവോയിസ്റ്റുകൾ അടിച്ചുതകര്‍ത്തു. ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചാണ് മാവോയിസ്റ്റുകൾ മടങ്ങിയത്. സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പതിച്ച പോസ്റ്ററുകള്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററുകൾ.

കെഎഫ്ഡിസി ഓഫീസിൽ ആറംഗ സായുധ സംഘമാണ് എത്തിയത്. ജീവനക്കാരുമായി കുറച്ച് സമയം ആശയവിനിമയം നടത്തിയ ശേഷം അവർ ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തി. ഇത് രണ്ടാം തവണയാണ് കമ്പമലയിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ച് മടങ്ങുന്നത്.

ആദിവാസികളോടുള്ള ചൂഷണം അവസാനിപ്പിക്കുക, തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുക, തോട്ടം തൊഴിലാളികളുടെ കൂരകൾ മാറ്റി വാസയോഗ്യമായ വീടുകൾ നിർമിച്ച് നൽകുക, വേതനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പോസ്റ്ററുകളാണ് മാവോയിസ്റ്റുകൾ പതിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version