Latest News
വിഴിഞ്ഞം തുറമുഖം ഇനി ‘വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്’

തിരുവനന്തപുരം . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്ന പേരിലായിരിക്കും തുറമുഖം ഇനി അറിയപ്പെടുക. അടുത്തമാസം നാലിന് ആദ്യ കപ്പലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്നാണ് അത്യാധുനിക ക്രെയിനുകളുമായി ആദ്യകപ്പൽ തുറമുഖത്തേക്ക് എത്തുന്നത്. ഒക്ടോബർ 28ന് രണ്ടാമത്തേതും നവംബർ 11, 14 തീയതികളിലായി തുടർന്നുള്ള ചരക്ക് കപ്പലുകളും എത്തുകയാണ്. തുറമുഖത്തിൽ പുലിമുട്ടിന്റെ മുക്കാൽ ഭാഗത്തിന്റെയും നിർമ്മാണം പൂർത്തിയായി. ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട 400 മീറ്റർ ബർത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
ഇതിനിടെ ആദ്യ ചരക്കുകപ്പൽ എത്താനിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരാണ് നൽകേണ്ടതെന്ന് എം വിൻസന്റ് എം എൽ എ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖം യു ഡി എഫിന്റെ കുഞ്ഞാണെന്നും, ഉമ്മൻ ചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് തുറമുഖം യാഥാർത്ഥ്യമായതെന്നുമാണ് വിൻസന്റ് പറഞ്ഞിരുന്നത്.