Latest News
ശിവകുമാറിനെതിരെ ഹാജരാക്കാന്‍ തെളിവുകളില്ലാതെ വിജിലന്‍സ് വിയര്‍ക്കുന്നു
മുൻമന്ത്രിയും എംഎൽഎയുമായ വി എസ് ശിവകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നിലെ സാംഗത്യം അവതാർ നൗ പരിശോധിക്കുന്നു. രാവിലെ 8 30 മുതൽ അർധരാത്രി രണ്ടുമണിവരെ നീണ്ടുനിന്ന റെയ്ഡിൽ ശിവകുമാറിന്റെ വീട്ടിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. ഫലത്തിൽ, ശിവകുമാറിനെതിരെ സമർപ്പിച്ച എഫ്ഐആറിലാണ് റെയ്ഡ് നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. എഫ്ഐആറിൽ എന്തെങ്കിലും വസ്തുതകൾ ഉണ്ടോ, അതിലും ഒന്നുമില്ല. അഴിമതിയിൽ മുങ്ങിയ സർക്കാരിനെതിരെ പ്രതിപക്ഷ നേതാക്കളുടെ ഉണ്ടയില്ലാ വെടി മാത്രം പൊട്ടിക്കുന്ന സർക്കാരായി മാറിയിരിക്കുകയാണ് പിണറായി സർക്കാർ. കഴിഞ്ഞ സർക്കാരിൽ പ്രതിപക്ഷമായിരുന്ന ഇപ്പോൾ ഭരണപക്ഷത്തുള്ള സർക്കാർ എത്രയൊക്കെ വെടികൾ പൊട്ടിച്ചു. അതിനൊക്കെ ഒരു തുമ്പും കിട്ടിയില്ല എന്നുള്ളതാണ് വസ്തുത.
അഴിമതിരഹിതമായ സർക്കാർ പടുത്തുയർത്തും എന്നായിരുന്നു പിണറായി വിജയൻ അധികാരത്തിലേറിയപ്പോൾ നടത്തിയ പ്രഖ്യാപനം. ഇതിൻറെ ഭാഗമായി കഴിഞ്ഞ സർക്കാരിൻറെ അഴിമതികൾ ഓരോന്നോരോന്നായി കണ്ടെത്താൻ വേണ്ടി ഒരു ഉപസമിതിയെ രൂപീകരിച്ചു. എ കെ ബാലനായിരുന്നു ഇതിന്റെ അധ്യക്ഷൻ. എന്നാൽ ആ ഉപസമിതി തയ്യാറാക്കിയ റിപ്പോർട്ട് എ കെ ബാലൻ പോലും കണ്ടിരിക്കാൻ വഴിയില്ല. തീർന്നില്ല,യുഡിഎഫ് കാലത്തെ മന്ത്രിമാരെ വേട്ടയാടുകയായിരുന്നു അടുത്ത ലക്ഷ്യം.അത് തുടങ്ങിയത് മുൻ മന്ത്രി കെ ബാബുവിൽ, അവസാനം എത്തി നിൽക്കുന്നത് വിഎസ് ശിവകുമാറിലും. ഇതിന് പ്രത്യേകിച്ച് ഒരു കാരണവുമില്ല എന്നുള്ളതാണ് വിചിത്രമായ വാദം.
ഉമ്മൻചാണ്ടി സർക്കാരിനെതിരെ പിണറായി സർക്കാർ പ്രധാന ആയുധമാക്കിയത് സോളാർകേസും സരിതയുമായിരുന്നു. എന്നിട്ട് ആ കേസിന്റെ നിലവിലെ സ്ഥിതി എന്താണ്. 150 ഓളം കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു കെ. ബാബുവിനെതിരെ ഉയർന്ന പ്രധാന ആരോപണം. അഴിമതിയായിരുന്നു ഇതിന്റെയും കാതൽ. എന്നിട്ട് ഈ കേസിന്റെ അന്വേഷണമോ! ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല. കെ ബാബുവിനെ കുറിച്ചുള്ള വാർത്തകളും ചർച്ചകളും ഒക്കെ കെട്ടടങ്ങിയപ്പോഴാണ് നേരെ ഇബ്രാഹിംകുഞ്ഞിലേക്കും ശിവകുമാറിലേക്കുള്ള പരക്കംപാച്ചിൽ. പാലാരിവട്ടം പാലം അഴിമതി കേസിൽ കരാർ കമ്പനിക്ക് 8.2 കോടി രൂപ മുൻകൂർ നൽകിയെന്നതായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരെ ഉയർന്ന പ്രധാന ആരോപണം. രണ്ടുതവണ വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു മൂന്നാമത്തെ തവണ ചോദ്യം ചെയ്യാൻ ശനിയാഴ്ച വീണ്ടും തിരുവനന്തപുരത്ത് വിളിച്ചു വരുത്തുകയാണ്. കേസുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെടെയുള്ളവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ശിവകുമാറിന്റെ കാര്യത്തിലാകട്ടെ കോടതിയിൽ അന്വേഷണ സംഘം എഫ്ഐആർ സമർപ്പിക്കുന്നു, തുടർന്ന് മണിക്കൂറുകളോളം ശാസ്തമംഗലം ശ്രീരംഗം ലൈനിലെ വസതിയിൽ റെയ്ഡ് നടത്തുന്നു. എന്നിട്ടും അവസാനിക്കുന്നില്ല,അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആകെ വരവും ചെലവും തമ്മിൽ പൊരുത്തക്കേടുകളില്ല എന്നുള്ളതാണ് എഫ് ഐ ആറിന്റെ സാരം.പിന്നെ,പൊരുത്തക്കേടുകളുള്ളത് വി എസ് ശിവകുമാറിന്റെ മുൻ സ്റ്റാഫിലുണ്ടായിരുന്നവരുടെയും സുഹൃത്തുക്കളുടെയും പേരിലാണ്. അത് എങ്ങനെ ശിവകുമാറുമായി ബന്ധപ്പെടും. അല്ലെങ്കിൽ അതിനെ എങ്ങനെ ഇതുമായി കൂട്ടിയിണക്കും എന്നുള്ളതിൽ അന്വേഷണസംഘത്തിനു പോലും ഒരു ഏകദേശധാരണയില്ല. ഒരുപക്ഷേ ശിവകുമാറിന് നല്ലകാലമാണ്.റെയ്ഡ് നാടകത്തിൽ പോലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നുള്ളത് അദ്ദേഹത്തിന്റെ ക്രെഡിറ്റ് തന്നെ.
ഇങ്ങനെ ഓരോ കേസുകളിലും അന്വേഷണം നടത്തുകയും, അല്ലെങ്കിൽ വേണ്ടത്ര ഗൗരവത്തോടെ അന്വേഷണം നടത്താതിരിക്കുകയും അല്ലെങ്കിൽ ഇവയൊക്കെ കോടതിയിലെത്തുമ്പോൾ തള്ളി പോകുകയും ചെയ്യുന്നതാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിഎജി റിപ്പോർട്ടിന്റെയൊക്കെ പശ്ചാത്തലത്തിൽ സർക്കാരും പോലീസും പ്രതിക്കൂട്ടിലാകുന്നത് കാര്യമായി പിണറായിയെയും സംഘത്തെയും ബാധിക്കുമെന്നുറപ്പ്. അഴിമതി അന്വേഷിക്കേണ്ടവർ തന്നെ അഴിമതിയുടെ വക്താക്കളായി മാറുന്നതാണ് പോലീസുകാർ ഉൾപ്പെടെയുള്ളവർ കേസുകളിൽ പ്രതിയാകുന്നതിലൂടെ സംഭവിക്കുന്നത്. ഇതിനെയൊക്കെ മറക്കാനുള്ള തന്ത്രപ്പാടിലാണ് ഈ സർക്കാർ മുൻ മന്ത്രിമാരെ വേട്ടയാടി പിടിച്ചു നിന്നു പോകുന്നത്. റെയ്ഡ് നാടകങ്ങളും അഴിമതി നാടകങ്ങളുമൊക്കെ പിണറായി സർക്കാർ പടിയിറങ്ങുന്നത് വരെ പ്രതീക്ഷിക്കാം.