Latest News
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 2024 മാർച്ച് മാസത്തോടെ എത്തും
2024 മാർച്ച് മാസത്തോടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വെ. റഷ്യന്‍ സ്ഥാപനമായ മെട്രോവാഗണ്‍മാഷ് , ലോക്കോമോട്ടീവ് ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയുടെ സംയുക്തസംരംഭമായ കിനെറ്റ് റെയില്‍വെ സൊലൂഷന്‍സുമായി ഇന്ത്യന്‍ റെയില്‍വേ ഇതിനായി വിതരണക്കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഇന്ത്യന്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡുമായി ചേര്‍ന്നായിരിക്കും റഷ്യന്‍ സ്ഥാപനങ്ങളുടെ പ്രവർത്തനം.
ഇതിനായി ഉണ്ടാക്കിയ കരാർ അനുസരിച്ച് 120 വന്ദേഭാരത് പാസഞ്ചര്‍ സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണവും പരിപാലനവും കിനെറ്റ് റെയില്‍വേ സൊലൂഷന്‍സായിരിക്കും നിര്‍വഹിക്കുന്നത്. 35 വര്‍ഷത്തേക്ക് മെയിന്റനൻസ് സംബന്ധിച്ച കിനെറ്റ് റെയില്‍വേ സൊലൂഷന്‍സുമായി കരാര്‍ കാലാവധി എന്ന് സര്‍ക്കാര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
റഷ്യന്‍ പ്രഭു ആന്‍ഡ്രെ റമോവിച്ച് ബോക്കറേവ്, ഭാര്യ ഒല്‍ഗ വ്‌ളാദിമിറോവ്‌ന സിരോവത്‌സക്യ എന്നിവര്‍ക്കെതിരേയും ഇവരുടെ സ്ഥാപനമായ ട്രാന്‍സ്മാഷിനെതിരേയും യുഎസ് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ട്രാന്‍സ്മാഷിന്റെ പ്രസിഡന്റാണ് ആന്‍ഡ്രെ റമോവിച്ച്. എംഡബ്ല്യുഎമ്മിന്റെ മാതൃസ്ഥാപനമാണ് ട്രാന്‍സ്മാഷ്. തീവണ്ടി എഞ്ചിനുകളുടെയും ട്രെയില്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രമുഖ നിര്‍മാതാക്കളാണ് ട്രാന്‍സ്മാഷ്. റഷ്യയിൽ ട്രെയിൻ നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളുമായും ആന്‍ഡ്രെക്ക് ബന്ധമുണ്ട്.
ഉപരോധങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ വന്ദേ ഭാരത് പദ്ധതികള്‍ യാഥാര്‍ത്ഥമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കിനറ്റ് റെയില്‍വെ സൊലൂഷന്‍സ്. മൂന്നാമതൊരു രാജ്യമേര്‍പ്പെടുത്തിയ ഉപരോധം വന്ദേ ഭാരത് ട്രെയിൻ പദ്ധതിയെ ബാധിക്കില്ലെന്ന് കിനറ്റ് പത്രസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. കരാറിലെ നിബന്ധനകള്‍ പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ പറഞ്ഞു.
എംഡബ്ല്യുഎം, എല്‍ഇഎസ്, ആര്‍വിഎല്‍എല്‍ എന്നിവയുടെ പങ്കാളിത്തം തുടക്കം മുതലേ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇന്ത്യയുടെയും റഷ്യയുടെയും പങ്കാളികളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ആദ്യത്തേത്. തുടര്‍ന്ന് കരാറില്‍ ഒപ്പുവെക്കുന്നതില്‍ കാലതാമസം നേരിട്ടു. 2022 ഡിസംബറിലായിരുന്നു വന്ദേഭാരത് ട്രെയ്‌നുകള്‍ക്കുവേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചത്.
കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാന്‍ കഴിയുമെന്ന് ആര്‍വിഎന്‍എല്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 2024 മാര്‍ച്ചില്‍ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയ്ന്‍ പുറത്തിറക്കാൻ ഐസിഎഫ് ചെന്നൈ ലക്ഷ്യമിടുന്നുണ്ട്.