Latest News

പൊട്ടക്കണ്ണൻ മാവിൽ ഏറിയും പോലെ യോഗി ആദിത്യനാഥിന് കത്തെഴുതി വി ശിവന്‍കുട്ടി

Published

on

പൊട്ടക്കണ്ണൻ മാവിൽ ഏറിയും പോലെ യോഗി ആദിത്യനാഥിന് കത്തെഴുതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത്.

സത്യത്തിൽ വിദ്യാർഥിയെ തല്ലിച്ച സ്കൂൾ അടച്ചു പൂട്ടിച്ച കാര്യവും, അംഗീകാരം റദ്ദാക്കുമെന്ന വിവരം പോലും അറിയാതെയാണ് മന്ത്രിയുടെ കത്ത്
എന്നതാണ് രസകരമായ വസ്തുത. സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ അധ്യാപിക തല്ലിച്ച സംഭവം വിവാദമായതോടെ യോഗി ആദിത്യ നാഥിന്റെ നിർദേശത്തെ തുടർന്ന് സ്കൂളിനെതിരെ മുസാഫർനഗർ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുകയായിരുന്നു. സ്കൂൾ അടച്ചിടാനും, അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ മുസാഫർനഗർ ജില്ലാ ഭരണകൂടം ആരംഭിക്കുകയും ചെയ്തിരുന്നു. അധ്യാപിക ത്രിപ്ത ത്യാഗിക്കെതിരെ മുസാഫർനഗർ പോലീസ് ശനിയാഴ്ച തന്നെ കേസെടുക്കുകയും ചെയ്യുകയുണ്ടായി.

അദ്ധ്യാപികക്കും, സ്കൂളിനും എതിരെ സ്വീകരിച്ച നടപടികൾ ഒന്നും ദേശാഭിമാനി വായിക്കുന്ന വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല. ഈ സ്കൂളിലെ വിദ്യാർഥികളെ ഞായറാഴ്ച മറ്റൊരു സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് അയച്ചതായും സ്കൂളിലെ സൗകര്യത്തിന്റെ നിലവാരം സംബന്ധിച്ച് പല കാര്യങ്ങളിലും വിശദീകരണം തേടിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ സ്‌കൂൾ അടച്ചിടാനാണ് യു പി സർക്കാർ നിർദേശം നൽകിയിട്ടുള്ളത്.

കിട്ടിയ പിടി വള്ളിയിൽ മുറുകെ പിടിച്ച് തൂങ്ങി ഒരു രാഷ്ട്രീയക്കാരന്റെ കുബുദ്ധിയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി യോഗിക്ക് കത്തെഴുതിയത്. കേരളത്തിലെ ചില സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ മരണം ഉൾപ്പടെ ഉള്ള ദുരന്തങ്ങൾ നടന്നപ്പോഴൊന്നും ഒരക്ഷരം മിണ്ടാതിരുന്ന വി ശിവന്‍കുട്ടി യോഗി ആദിത്യ നാഥിന്റെ നാട്ടിലെ പ്രശ്നത്തിൽ ഉടനടി ഇടപെടാനെത്തിയതാണ് ഏറെ കൗതുകകരം. പക്ഷെ മന്ത്രിയുടെ കത്ത് കാറ്റില്ല ബലൂണാവുകയായിരുന്നു. കേരളത്തിൽ ആർക്കും തോന്നാത്ത ബുദ്ധിയാണ് വിദ്യാഭ്യാസ മന്ത്രിക്ക് തോന്നിയത്. ഒരു കത്ത് യോഗിക്ക് എഴുതിയതായി പ്രഖ്യാപിക്കുകയും (നടപടികൾ എടുത്തവയൊന്നും അറിയാതെ) തന്റെ കത്തിലൂടെ യോഗി നടപടികൾ എടുത്തെന്നു പ്രഘോഷിക്കാനുമുള്ള രാഷ്ട്രീയ പദ്ധതിയാണ് പൊളിഞ്ഞു പോയത്.

(വാൽ കഷ്ണം : യോഗിക്ക് കത്തെഴുതി, നേഹ സ്‌കൂളിനെതിരെ യു പിയിൽ എടുത്ത നടപടികളുടെ ക്രെഡിറ്റ് കിട്ടുമോ എന്ന് നോക്കി മന്ത്രി വി ശിവന്‍കുട്ടി, സംഗതി പാളി, ചീറ്റിപ്പോയി)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version