Entertainment
ഉണ്ണിമുകുന്ദന്‍റെ പുതിയ ചിത്രം ‘ജയ് ഗണേഷ്’, സംവിധായകൻ രഞ്ജിത്ത് ശങ്കർ
മാളികപ്പുറത്തിന് പിറകെ ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ജയ് ഗണേഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രഞ്ജിത്ത് ശങ്കര്‍ ആണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ഉണ്ണി മുകുന്ദന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മ്മിക്കുക. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പുതിയ സിനിമയെ പറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
‘ജയ് ഗണേഷ് ഒരുക്കിയ ശേഷം ഞാനൊരു നടനെ തിരയുകയായിരുന്നു. മാളികപ്പുറത്തിന് ശേഷം കഴിഞ്ഞ 7 മാസമായി ഉണ്ണിമുകുന്ദന്‍ പുതിയ സിനിമയിലൊന്നും അപ്പോള്‍ അഭിനയിച്ചു തുടങ്ങിയിരുന്നില്ല. തനിക്കിണങ്ങുന്നൊരു ശരിയായ തിരക്കഥക്കായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഉണ്ണി.
ജയ് ഗണേഷിനെ പറ്റി ചര്‍ച്ചചെയ്തപ്പോള്‍ ഉണ്ണി അന്വേഷിച്ചിരുന്ന തിരക്കഥയും ഞാന്‍ അന്വേഷിച്ചു നടന്ന നടനെയും കണ്ടെത്തി. ഈ പ്രൊജക്ട് ഒരുമിച്ച് നിര്‍മ്മിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ഇത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരിക്കും. അതിലെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- രഞ്ജിത്ത് ശങ്കര്‍ കുറിച്ചു. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അധികം വൈകാതെ പുറത്തു വിടുമെന്നാണ് വിവരം. വിനയന്‍ സംവിധാനം ചെയ്യുന്ന അത്ഭുത ദ്വീപിന്‍റെ രണ്ടാം ഭാഗത്തിലും നായകന്‍ ഉണ്ണി മുകുന്ദനാണ്.