Latest News
ഇനി പോരാട്ടം ധര്‍മവും അധര്‍മവും തമ്മിലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ഭോപാല്‍ . വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ധര്‍മവും അധര്‍മവും തമ്മിലുള്ളതാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപിയുടെ ജന ആശിര്‍വാദ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ സെഹോറില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ വോട്ടിന് വേണ്ടിയുള്ളതല്ല. ധര്‍മവും അധര്‍മവും തമ്മിലുള്ള മത്സരമായിരിക്കും അത്,സ്മൃതി ഇറാനി പറഞ്ഞു.
ബ്രിട്ടിഷുകാര്‍ ഇവിടെ വന്നു, മടങ്ങി. മുഗള്‍ സാമ്രാജ്യം അവസാനിച്ചു. പക്ഷേ സനാതന ധര്‍മം ഇപ്പോഴും ഇവിടെയുണ്ട്, നാളെയും അത് തുടരും. തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മത്തിനെതിരായ പ്രസ്താവന പരാമര്‍ശിച്ച് സ്മൃതി പറഞ്ഞു. ഇതൊരു സാധാരണ തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കില്ല. സനാതന ധര്‍മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടുകെട്ടുണ്ട്. ജീവിച്ചിരിക്കുന്നിടത്തോളം ധര്‍മ്മത്തെ സംരക്ഷിക്കും എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. ഭഗവാന്‍ ശ്രീരാമന്റെ പേര് പറയുന്നവരും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആശീര്‍വാദത്തോടെ രാംലല്ല എന്നൊന്നില്ലെന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച, അന്ന് അധികാരത്തിലിരുന്നവരും തമ്മിലുള്ള പോരാട്ടമാണിത്, സ്മൃതി ഇറാനി പറഞ്ഞു.
പതിനാല് ടെലിവിഷന്‍ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള ഐഎന്‍ഡിഐഎ മുന്നണിയുടെ തീരുമാനത്തെ സംബന്ധിച്ച്, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ഗാന്ധി കുടുംബം ഭയപ്പെടുമെന്നത് അറിയില്ലായിരുന്നു എന്നും പിന്നെ എങ്ങനെ ഗാന്ധി കുടുംബവും പ്രതിപക്ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മത്സരിക്കുമെന്നും സ്മൃതി ചോദിച്ചു.