Latest News
‘സനാതന ധർമ്മം…മലേറിയയും ഡെങ്കിപ്പനിയും പോലെയെന്ന്’, വിവാദ പരാമർശവുമായി ഉദയനിധി സ്റ്റാലിൻ
സനാതന ധർമ്മം എന്നത് ഡെങ്കിപ്പനിയും മലേറിയയും പോലെയായെന്ന് വിവാദ പരാമർശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മത്തെ എതിർക്കേണ്ടതല്ല പകരം ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞിരിക്കുന്നത്.
‘കുറച്ച് കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാനാവില്ല. നമ്മൾ ഇത് ഇല്ലാതാക്കണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത് ‘ഉദയനിധി സ്റ്റാലിൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾക്കെതിരെ നാടെങ്ങും ജനരോക്ഷം ഇരമ്പുകയാണ്. ഇതിനെതിരെ പ്രതികരിച്ച ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ. ഉദയനിധി ജനസംഖ്യയുടെ 80 ശതമാനം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്നു എന്നാണ് മാളവ്യ ആരോപിച്ചിട്ടുള്ളത്.
‘തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ സർക്കാരിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ മലേറിയയും ഡെങ്കിപ്പനിയുമായി ബന്ധിപ്പിച്ചിരിക്കുന്നു, അത് ഇല്ലാതാക്കണം, എതിർക്കുക മാത്രമല്ല വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചുരുക്കത്തിൽ സനാതന ധർമ്മം പിന്തുടരുന്ന ഭാരതത്തിലെ 80 ശതമാനം ജനങ്ങളെയും വംശഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണ് അദ്ദേഹം. ഇതാണോ മുംബൈ യോഗത്തിൽ സമ്മതിച്ചത്?’എക്‌സിലെ കുറിപ്പിൽ അമിത് മാളവ്യ എഴുതിയിരിക്കുന്നു.