Latest News
പുൽവാമയിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയ്ബയുടെ ഉന്നത കമാൻഡർ ഉൾപ്പടെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഭീകരരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
‘പുൽവാമയിലെ ലാരോ-പരിഗാം മേഖലയിൽ ഏറ്റുമുട്ടൽ നടക്കുന്നു. പോലീസും സുരക്ഷാ സേനയും പ്രതിരോധിക്കുകയാണ്’- കശ്മീർ സോൺ പോലീസ് ഔദ്യോഗിക എക്സ് പേജിലൂടെ വിവരങ്ങൾ പങ്കുവച്ചു. തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലിലേക്ക് വഴി മാറിയതെന്ന് പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. പിന്നീട് മൂന്ന് സൈനികരും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ആർമിയുടെ രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഓഗസ്റ്റ് 5 ന് ഓപ്പറേഷൻ ആരംഭിക്കുന്നത്..
ഓപ്പറേഷൻ തുടങ്ങുന്നതിനു ഒരു ദിവസം മുമ്പ്, ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ ഹലൻ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.