Latest News
പാക് – ചൈന അതിർത്തിയിൽ വ്യോമസേനയുടെ ശക്തിപ്രകടനം ത്രിശൂലിനു തിങ്കളാഴ്ച തുടക്കം
ന്യൂ ഡൽഹി . പാക് – ചൈന അതിർത്തിയിൽ വ്യോമസേനയുടെ ശക്തിപ്രകടനം ത്രിശൂലിനു തിങ്കളാഴ്ച തുടക്കം. തൃശൂൽ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസപ്രകടനങ്ങൾ പത്ത് ദിവസം ഉണ്ടാവും. രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് വ്യോമസേനയുടെ കരുത്ത് പ്രകടിപ്പിക്കുന്ന ത്രശൂൽ സംഘടിപ്പിച്ചിട്ടുള്ളത്.
ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, എന്നിവ ഉൾപ്പെടുന്ന വടക്കൻ സെക്ടറിലാണ് പ്രധാനമായും പരിശീലന അഭ്യാസ പ്രകടങ്ങൾ നടത്തുക. റഫാൽ, മിഗ്, സുഖോയ് വിമാനങ്ങളും അപ്പാച്ചി, ചിനൂക്ക് ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തിൽ പങ്കെടുക്കും. ഗരുഡ് കമാൻഡോകളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. അതിർത്തിയിൽ നിരീക്ഷണം നടത്തുന്ന ആളില്ലാ വിമാനങ്ങളുടെ മികവും പരിശീലനത്തിൽ പരീക്ഷിക്കുന്നുണ്ട്.
പാകിസ്താനും ചൈനയും അതിർത്തിയിൽ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് കൂടിയാകും ത്രിശൂൽ എന്നാണു റിപ്പോർട്ടുകൾ. ഒക്ടോബർ-നവംബർ മാസങ്ങളിൽ തരംഗ് ശക്തി എന്ന പേരിൽ ഒരു മൾട്ടി-ലാറ്ററൽ അഭ്യാസം നടത്താൻ വ്യോമസേന ഇത് കൂടാതെ പദ്ധതിയിടുന്നുണ്ട്. യുദ്ധവിമാനങ്ങൾ, സൈനിക ഗതാഗത വിമാനങ്ങൾ, എയർബോൺ മുന്നറിയിപ്പ് ആൻഡ് കൺട്രോൾ സിസ്റ്റം എന്നിവയുടെ പങ്കാളിത്തവും തരംഗ് ശക്തിക്ക് കരുത്തേകും. ആറ് രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേനകൾ പരിപാടിയിൽ പങ്കെടുക്കും, മറ്റ് നിരവധി പേർ നിരീക്ഷകരായും എത്തുന്നുണ്ട്. യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ വ്യോമസേനയും തരംഗ് ശക്തിയിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.