Entertainment
വിവാഹത്തെ പറ്റി തൃഷ, ‘ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പരത്താതിരിക്കൂ’
തമിഴ് സിനിമയിലെ മുൻനിര നായിക തൃഷ വിവാഹത്തിനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്ക് താരത്തിന്റെ മറുപടി. നിരവധി ഗോസിപ്പുകളുണ്ടായിരുന്നു തൃഷയുടെ വിവാഹവുമായി ബന്ധപെട്ടു പ്രചരിച്ചിരുന്നത്. ഇത്തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് എത്തിയ തൃഷ, ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പരത്താതിരിക്കു എന്നാണ് പറഞ്ഞിരിക്കുന്നത്.
‘ഡിയർ, നിങ്ങളും നിങ്ങൾക്കൊപ്പം ആരൊക്കെയാണെന്നും നിങ്ങൾക്കറിയാം, ‘ശാന്തത പാലിക്കുക, അഭ്യൂഹങ്ങൾ പരത്തുന്നത് നിർത്തുക’ ചിയേഴ്‌സ്!’ എന്നാണ് തൃഷ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചത്. തൃഷയുടെ പോസ്റ്റ് നിമിഷ നേരങ്ങൾക്കൊണ്ട് വൈറലാവുകയായിരുന്നു.
മലയാളത്തിൽ നിന്നുള്ള ഒരു ചലച്ചിത്ര നിർമ്മാതാവുമായി തൃഷയുടെ വിവാഹം ഉടനുണ്ടാകുമെന്നായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ ഇത് ആരാണെന്നോ വിവാഹം എന്നായിരിക്കുമെന്നോ ഒന്നും വാർത്തയിൽ ഉണ്ടായിരുന്നില്ല. റിപ്പോർട്ടുകളോടുള്ള ഔദ്യോഗിക പ്രതികരണവും ഉണ്ടായിരുന്നില്ല. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് തൃഷ തന്നെ രംഗത്തെത്തിയത്.
വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് തൃഷ ഒരു അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. ‘എന്റെ ഗൗരവകരമായ ചിന്തയിൽ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിൻറെ സമ്മർദ്ദം കൊണ്ട് വിവാഹിതയായിട്ട് പിന്നീട് അത് ഡിവോഴ്‌സിലേക്ക് എത്തിക്കാൻ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരിൽ പലരും നിലവിൽ ഡിവോഴ്‌സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് എനിക്ക് തോന്നലുളവാക്കുന്ന ഒരാളെ ഇനിയും ഞാൻ കണ്ടെത്തിയിട്ടില്ല’, എന്നായിരുന്നു തൃഷ പറഞ്ഞിരുന്നത്.
ലിയോ, റാം, ഐഡന്റിറ്റി എന്നിങ്ങനെ വമ്പൻ ചിത്രങ്ങളാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങി വരുന്നത്. ഏകദേശം 13 വർഷങ്ങൾക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലിയോ. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ജോഡികളെ സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ഇതോടെ ആരാധകർ.
ചിത്രം ഒക്ടോബർ 19ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിൻറെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡൻറിറ്റി എന്നിവയിലും തൃഷ അഭിനയിച്ചിട്ടുണ്ട്. അജിത്തിന്റെ വരാനിരിക്കുന്ന വിടാ മുയർച്ചിയിലും തൃഷയാണ് നായികയെന്നാണ് റിപ്പോർട്ടുകൾ. മണി രത്‌നത്തിൻറെ പൊന്നിയിൻ സെൽവനിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് സമീപകാലത്ത് പാൻ ഇന്ത്യൻ ശ്രദ്ധയും ലഭിച്ചു. ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും ഒന്നാം നിരയിലേക്ക് ഉയർന്ന നടിയുടേതായി നിരവധി പ്രൊജക്റ്റുകളാണ് ഒരുങ്ങുന്നത്.