Latest News
കാനഡയിലെ ഖലിസ്ഥാൻ അനുകൂലികളുമായി മണിപ്പൂരിലെ ഗോത്രനേതാക്കളുടെ ചർച്ച
മണിപ്പൂരിലെ ഗോത്രനേതാക്കൾ കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ രംഗത്ത്. നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ കാനഡയിലെ പ്രസിഡന്റ് ലിയാൻ ഗാങ്‌ടെ, മണിപ്പൂരിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചും അവർക്ക് എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചും സറേ ഗുരുദ്വാരയിൽ നടത്തിയ പ്രസംഗം ആണ് മുഖ്യമായും ഏജൻസികൾ ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഹർദീപ് സിംഗ് നിജ്ജാർ നിയന്ത്രിച്ചിരുന്ന ഗുരുദ്വാരയിൽ വെച്ചായിരുന്നു ഇത്. പ്രസംഗത്തിന് ശേഷം നിജ്ജാർ അനുകൂലികൾ നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ പറയുന്നുണ്ട്.
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസുമായി (സിഎസ്‌ഐഎസ്) നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നു. കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുമ്പ് മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നുവെന്നും ഇന്ത്യയിലെ അന്വേഷണ വൃത്തങ്ങൾ പറയുന്നുണ്ട്. യുകെ, യുഎസ്, കാനഡ, ദുബായ്, പാകിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്ന 19 ഖലിസ്ഥാൻ ഭീകരരുടെ പട്ടിക എൻഐഎ ഞായറാഴ്ച പുറത്തുവിട്ടിരുന്നു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ഇന്ത്യക്കെതിരെ പാക് ചാരസംഘടന ഐഎസ്‌ഐ ആസൂത്രണം ചെയ്തതാണെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്. ദേശീയ അന്വേഷണ ഏജൻസി കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് അഥവാ അർഷ് ദല്ലയുടെ വസതിയിൽ ബുധനാഴ്ച റെയ്ഡ് നടത്തി, സഹായി ജോറ എന്ന ജോൺസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ആരോപണങ്ങളെ അസംബന്ധമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിക്കുകയുണ്ടായി. ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയ പിന്നാലെ ഒരു മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കുകയായിരുന്നു. ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരണപ്പെടുന്നത്. ഇതിനിടെ രാജ്യത്ത് വിദേശ ഇടപെടലുകൾ വർദ്ധിച്ചു വരുന്നതിൽ കനേഡിയൻസ് ആശങ്കാകുലരാണെന്ന് ഐക്യരാഷ്ട്രസഭയിലെ കാനഡയുടെ പ്രതിനിധി ബോബ് റേ ചൊവ്വാഴ്ച പറഞ്ഞിട്ടുണ്ട്.
കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് വാഷിംഗ്ടൺ ഡിസിയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യയുമായും കാനഡയുമായും മികച്ച ബന്ധം പുലർത്തുന്ന രാജ്യമെന്ന നിലയിൽ അമേരിക്ക ഈ വിഷയവും ചർച്ച ചെയ്‌തേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.