Politics
ഡൽഹി കലാപം ; മുതിർന്ന ജഡ്ജിയെ നാടുകടത്തി
രാജ്യ തലസ്ഥാനത്ത് പൊട്ടി പുറപ്പെട്ട വർഗീയ കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവരാരാണെന്ന് വ്യക്തമാകുന്ന സംഭവ വികാസങ്ങൾക്കാണ് ഇന്നലെ ഒരു പകലും രാത്രിയുമായി ഡൽഹി സാക്ഷ്യം വഹിച്ചത്. രാജ്യ തലസ്ഥാനം കഴിഞ്ഞ മൂന്ന് ദിവസം കത്തിയെരിഞ്ഞപ്പോഴും നിശബ്ദത പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് സമാധാന ആഹ്വാനവുമായി രംഗത്തെത്തിയത്. അതും മാധ്യമങ്ങൾക്ക് മുമ്പിലെത്താതെ സ്വന്തം ട്വിറ്റർ വഴിയാണ് മോദി സമാധാന ആഹ്വാനവുമായെത്തിയത് എന്നോർക്കണം. അതേസമയം, തന്നെ ഡൽഹിയിലെ ബി.ജെ.പി നേതാവ് കപിൽ മിശ്ര കലാപത്തെ ന്യായീകരിച്ച് രംഗത്ത് വന്നതും ശ്രദ്ധേയമായി. ഇതേ കപിൽ മിശ്ര ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വിദ്യേഷ പ്രസംഗമാണ് ഡൽഹിയെ കലാപത്തിലേക്ക് നയിച്ചതെന്നാണ് രാജ്യത്തെ ജനാധിപത്യ വാദികൾ ആകെ വിശ്വസിക്കുന്നത്.
എന്നാൽ, കപിൽ മിശ്രയെ തള്ളിപ്പറയാൻ പ്രധാനമന്ത്രി മോദിയടക്കമുള്ള ഒരു ബി.ജെ.പി നേതാക്കളും ഇതുവരെ തയ്യാറായിട്ടില്ല എന്നതും ഡൽഹി കലാപം ആസൂത്രിതമായിരുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഡൽഹി സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ച ഹൈക്കോടതി ഇന്നലെ ക്രമസമാധാന ചുമതലയുള്ള ദില്ലി പൊലീസിനെതിരെ രൂക്ഷമായ പരാമർശങ്ങളാണ് നടത്തിയത്. ഇതിന് പിന്നാലെ ദില്ലി കലാപത്തിനിടയാക്കിയ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ, എം.പി. പർവേസ് വർമ്മ, കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാനും കേസ് പരിഗണിച്ച ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് എസ് മുരളീധരൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് പിന്നാലെ നാടകീയ സംഭവ വികാസങ്ങൾക്കാണ് ഭരണസിരാകേന്ദ്രം വേദിയായത്. ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവെഴുതിയ മഷി ഉണങ്ങുന്നതിന് മുമ്പ് തന്നെ അർദ്ധരാത്രിയോടെ വിധിയെഴുതിയ ജസ്റ്റിസ് എസ് മുരളീധരെ കേന്ദ്ര സർക്കാർ നാടുകടത്തിയത്. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേക്കാണ് ജസ്റ്റിസ് മുരളീധനെ അസാധാരണ നടപടിയിലൂടെ കേന്ദ്രം സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച കേന്ദ്ര സർക്കാർ ഉത്തരവിറങ്ങിയത് രാജ്യം ഉറക്കത്തിലാണ്ട അർദ്ധരാത്രിക്ക് ശേഷമായിരുന്നു. കലാപക്കേസ് പരിഗണിച്ചു കൊണ്ട് അതിരൂക്ഷ വിമർശനമാണ് ദില്ലി പൊലീസിനെതിരെ ജസ്റ്റിസ് എസ് മുരളീധർ നടത്തിയിരുന്നത്. ഇതിന് പിന്നാലെ അദ്ധേഹം പരിഗണിച്ച കലാപക്കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു.
തൊട്ടുപിന്നാലെയാണ് രണ്ടാഴ്ചക്ക് മുമ്പ് വന്ന കൊളീജിയം ശുപാർശയിൽ അതിവേഗം തീരുമാനമെടുത്ത് ജസ്റ്റിസ് മുരളീധറിനെ കേന്ദ്ര സർക്കാർ സ്ഥലം മാറ്റിയത്. ഫെബ്രവരി 12നാണ് ജസ്റ്റിസ് മുരളീധറിനെ ദില്ലി ഹൈക്കോടതിയിൽ നിന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റാൻ കൊളീജിയം ശുപാർശ ചെയ്തത്. ദില്ലി ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന മൂന്നാമത്തെ ജഡ്ജാണ് ജസ്റ്റിസ് എസ് മുരളീധർ. ജസ്റ്റിസ് പി കൃഷ്ണ ബട്ടിനെ കർണാടക ഹൈക്കോടതി ജഡ്ജാക്കാനുള്ള കൊളീജിയം ശുപാർശയിൽ കഴിഞ്ഞ മൂന്നര വർഷത്തിലേറെയായി തീരുമാനമെടുത്തിട്ടില്ല എന്നിരിക്കെയാണ് രണ്ടാഴ്ച മുമ്പുള്ള ശുപാർശയിൽ തിടുക്കത്തിൽ തീരുമാനമെടുത്തത്. ഇതിൽ തന്നെ കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം വ്യക്തമാണ്. ജസ്റ്റിസ് മുരളീധരിന്റ സ്ഥലം മാറ്റത്തിനെതിരെ അഭിഭാഷകർക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. സ്വവർഗരതി, ഹാഷിം പുര കൂട്ടകൊലക്കേസ്, സജജൻ കുമാറിന്റെ സിഖ് കൂട്ടക്കൊല തുടങ്ങിയ ഏറെ സുപ്രധാന കേസുകളിൽ ജസ്റ്റിസ് എസ് മുരളീധർ എഴുതിയ വിധികൾ ഉന്നത നീതിബോധത്തിന്റെ പേരിൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഒടുവിൽ പ്രതികാര നടപടിക്ക് വിധേയനായി സ്ഥലം മാറ്റപ്പെടുമ്പോൾ നിശബ്ദനാക്കപ്പെട്ടത് നീതിമാനായ മറ്റൊരു കാവലാളെക്കൂടിയാണ്.