Latest News
ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ മൂന്ന് പ്രധാന നിയമങ്ങളിൽ മാറ്റം വരുത്തും – അമിത് ഷാ
ന്യൂഡൽഹി . നമ്മുടെ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്ന വേളയാണിതെന്നും ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിന്റെ മൂന്ന് പ്രധാന നിയമങ്ങളെ പാർലമെന്റ് ഉടൻ മാറ്റുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ഇ-കോടതി പദ്ധതിയിലൂടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൂടുതൽ എളുപ്പവും സുതാര്യവുമാകുമെന്നും, നിയമങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ ചില മാറ്റങ്ങൾ അനിവാര്യമാണെന്നും അമിത് ഷാ പറഞ്ഞു. അന്താരാഷ്‌ട്ര ലോയേഴ്സ് കോൺഫറൻസ് 2023-ന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതിന് 7000 കോടി രൂപ ബജറ്റ് വിഹിതം സർക്കാർ അനുവദിച്ചു. ഏതൊരു നിയമവും അതിന്റെ അന്തിമ രൂപത്തിലല്ല ഉള്ളത്. നിയമങ്ങൾ നടപ്പിലാക്കിയതിന് ശേഷം കാലാകാലങ്ങളിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തണം. കാരണം ഒരു നിയമനിർമ്മാണത്തിന്റെ ലക്ഷ്യം ഒരു സുഗമമായ സംവിധാനം സ്ഥാപിക്കുക എന്നതാണ്. അല്ലാതെ നിയമനിർമ്മാതാക്കളുടെ മേധാവിത്വം സ്ഥാപിക്കലല്ല. അതിനാൽ ഈ മാറ്റങ്ങൾ നിയമങ്ങളെ കൂടുതൽ പ്രസക്തമാക്കുക തന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.