Crime

നമ്മുടെ കൗമാരത്തെ കാർന്നു തിന്നുന്നു ഈ കാട്ടാളന്മാർ

Published

on

കൊല്ലം . ലഹരിമാഫിയക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നാണ് സർക്കാരിന്റെ അവകാശ വാദമെങ്കിലും കേരളത്തിലേക്ക് ലഹരിമരുനുകളുടെ ഒഴുക്ക് യഥേഷ്ടം നടക്കുകയാണെന്നാണ് റെയ്‌ഡുകളും കേസുകളും അടിവരയിട്ടു പറയുന്നത്. 2023 ആദ്യ നാലുമാസം കേരളത്തില്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്, സിഗററ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രൊഡക്ട് ആക്ട്, അബ്കാരി ആക്ടുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകൾ ചില്ലറയല്ല.

എന്‍ഡിപിഎസ് ആക്ട് പ്രകാരം 2023 ഏപ്രില്‍ 30വരെ കേരളത്തില്‍ 7118 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതേ കാലയളവില്‍ സിഒപിടിഎ ആക്ട് പ്രകാരം 889 കേസുകളും, അബ്കാരി ആക്ടില്‍ 40615 കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. കേരളത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം 2022 ൽ 26629 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2016ല്‍ 5024 കേസുകള്‍ മാത്രമായിരുന്ന സ്ഥാനത്താണിതെന്നു ഓർക്കണം. 2022 ആയപ്പോഴേക്കും ഇത്തരം കേസുകൾ അഞ്ചിരട്ടിയായിട്ടാണ് വർധിച്ചിരിക്കുന്നത്. 2017ല്‍ 9244, 2018ല്‍ 8724, 2019ല്‍ 8245, 2020ല്‍ 4968, 2021ല്‍ 11952 കേസുകളാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്.

അബ്കാരി ആക്ടില്‍ 2016ല്‍ 65046, 2017ല്‍ 58994, 2018ല്‍ 38697, 2019ല്‍ 29252, 2020ല്‍ 9569, 2021ല്‍ 11952 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിഒപിടിഎ ആക്ട് പ്രകാരം 2022ല്‍ 10059, 2021ല്‍ 3635കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംസ്ഥാനത്ത് എറണാകുളത്താണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു വരുന്നത്. 16-26 വയസുകള്‍ക്കിടയിലുള്ളവരാണ് കൂടുതലായി മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നത്. 80 ശതമാനം രക്ഷിതാക്കളും മക്കള്‍ മയക്കുമരുന്നിന് അടിമയാണെന്ന് അറിയുന്നത് വളരെ വൈകിയാണെന്ന് ഡി അഡിക്ഷന്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

കഞ്ചാവ്, എംഡിഎംഎ, കൊക്കെയ്ന്‍, എല്‍എസ്ഡി, നൈട്രാസെപാം പോലെയുള്ള ശക്തമായ മയക്കുമരുന്നാണ് കുട്ടികൾ ഉൾപ്പടെ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്. വേദനസംഹാരി ഗുളികകള്‍ ഉപയോഗിക്കുന്നവരും ഏറെയാണ്. മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നല്കി മാത്രം നല്‌കേണ്ട മരുന്നുകള്‍ യാതൊരു നിബന്ധനയും പാലിക്കാതെ പല മെഡിക്കല്‍ സ്റ്റോറുകളും വില്‍പണ നടത്തി വരുകയാണ്. മെഡിക്കൽ സ്റ്റോറുകളെ ഇക്കാര്യത്തിൽ തളക്കാൻ ആരോഗ്യ വകുപ്പ് കൈകൊണ്ട നടപടികൾ ഒന്നും ഫലപ്രദമല്ല.

രോഗികളെ വേദനയറിയാതെ മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന പല മരുന്നുകളും ലഹരിക്കുവേണ്ടി ദുരപയോഗം ചെയ്യപ്പെടുന്നു എന്നതാണ് സത്യം. ശസ്ത്രക്രിയക്ക് മുമ്പ് വേദനയറിയാതിരിക്കാന്‍ കുത്തിവയ്‌ക്കുന്ന മരുന്നുകള്‍ മുതല്‍ കഫ് സിറപ്പ് വരെ ഇതില്‍പെടും എന്നതും ശ്രദ്ധേയം. കാന്‍സര്‍ രോഗികള്‍ക്ക് വേദനയറിയാതിരിക്കാന്‍ നല്കുന്ന മരുന്നുകളും നേര്‍പ്പിച്ച് ലഹരിക്കായി ഉപയോഗിക്കപ്പെടുകയാണ്. ചില വേദന സംഹാരികള്‍ നാഡീ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ വേദനയും മറ്റും അറിയാനുള്ള ശേഷി ഇല്ലാതാവും. ടെന്‍ഷന്‍, ഉറക്കമില്ലായ്മ എന്നിവയ്‌ക്കുള്ള മരുന്നുകളും ചിലര്‍ ലഹരിക്കായി അമിതമായി ഉപയോഗിച്ചു വരുന്നു.

വിതരണത്തിന് സഹായിക്കുന്നവര്‍ക്ക് വിലകുറച്ചും ഡിസ്‌കൗണ്ട് നിരക്കിലും സൗജന്യമായും ലഹരി നല്കി പ്രോത്സാഹനം നല്കാനും ലഹരി മാഫിയ സംഘങ്ങൾ തയ്യാറാവുകയാണ്. താഴ്ന്ന സാമ്പത്തിക വരുമാനമുള്ള വീടുകളിൽ നിന്നുള്ള കുട്ടികളാണ് ഇവർ ആദ്യം വലയിലാക്കുന്നത്. ഇവരാണ് വേഗത്തില്‍ ലഹരിമരുന്ന് മാഫിയയുടെ കെണില്‍ പെടുന്നത്. ഇവരെ ആദ്യം ലഹരിക്ക് അടിമകളാക്കുകയും പിന്നീട് മയക്കുമരുന്നിന് പണം നല്കാന്‍ കഴിയാതെ വരുമ്പോള്‍ അവരെ മയക്കുമരുന്ന് കച്ചവടക്കാരാക്കി മാറ്റിയെടുക്കുകയുമാണ് ചെയ്തു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version