Entertainment
സിനിമയില്‍ മേലാളന്‍മാരുണ്ട്, അവര്‍ വിചാരിക്കുന്നത് നടന്നില്ലെങ്കിൽ നമ്മളെ ഒതുക്കും – നടന്‍ ശ്രീനാഥ് ഭാസി
സിനിമയില്‍ ചില മേലാളന്‍മാരുണ്ടെന്നും, അവര്‍ വിചാരിക്കുന്നപോലെ കാര്യങ്ങളെല്ലാം നടന്നില്ലെങ്കിൽ നമ്മളെ ഒതുക്കിക്കളയുമെന്നും നടന്‍ ശ്രീനാഥ് ഭാസി. നിർമ്മാതാക്കൾ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻ വലിച്ചതിൽ പിന്നെ ഒരു മലയാള മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.
പ്രൊഡ്യൂസറെ കാണുമ്പോള്‍, എന്തുണ്ട് അങ്കിളേ, സുഖമാണോ? കാപ്പികഴിച്ചോ? എന്നൊക്കെ ചോദിച്ച് സുഖിപ്പിക്കുന്ന ശീലമെനിക്കില്ല. ജോലിക്ക് കൂലിചോദിക്കുന്നതിലെന്താണ് തെറ്റ്?എന്നാണ് ശ്രീനാഥ് ഭാസി ചോദിക്കുന്നത്. പണം തരാത്ത പ്രൊഡ്യൂസറോട് വഴക്കിട്ടിട്ടുണ്ടെന്നും അവരാണ് തനിക്കെതിരേ മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
പണം തരാത്ത പ്രൊഡ്യൂസറോട് വഴക്കിട്ടിട്ടുണ്ട്. കിട്ടാനുള്ള പണം ചോദിച്ചുവാങ്ങിക്കുന്നതാണ് എന്റെ രീതി. പണമില്ലാത്തവരോടല്ല, ഉണ്ടായിട്ടും തരാന്‍ മടിച്ചവരുമായിട്ടാണ് പ്രശ്‌നമുണ്ടായത്. ഞാന്‍ പ്രതികരിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ ബുദ്ധിമുട്ടാകും. അവര്‍ എനിക്കെതിരേ മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്, അപമാനിക്കുകയാണ്. സ്‌ക്രീനില്‍ നിലനിര്‍ത്തില്ലെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നു. ലൊക്കേഷനില്‍ മോശമായി പെരുമാറുന്നു, തെറിവിളിക്കുന്നു, ലഹരി ഉപയോഗിക്കുന്നു, എന്നീ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, ശ്രീനാഥ് ഭാസി പറയുന്നു.
സിനിമയില്‍ മാത്രമാണ് അഭിനയിക്കുന്നത്, അതിനുപുറത്ത് ഞാനൊരു സാധാരണമനുഷ്യനാണ്. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം എന്നില്‍നിന്നും പ്രതീക്ഷിക്കാം. അത്രക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്. നന്നായി കഷ്ടപ്പെട്ട്, അധ്വാനിച്ചാണ് ഇതുവരെ എത്തിയത്. വിളിക്കുന്ന സിനിമയിലെല്ലാം അഭിനയിച്ചിട്ടുണ്ട്. കഥയും കഥാപാത്രവും നോക്കി മാറിനിൽക്കാറില്ല – ശ്രീനാഥ് ഭാസി പറയുന്നു.
ഷെയിനിനെതിരേ എന്തെല്ലാം കഥകളാണ് കെട്ടിയിറക്കിയത്. ചില പ്രൊഡ്യൂസര്‍മാര്‍ ചേര്‍ന്ന് ഷെയിനിനെ നശിപ്പിക്കുവാൻ ശ്രമിച്ചു എന്നാണ് ശ്രീ നാഥ് ഭാസി ആരോപിക്കുന്നത്. എന്താണ് നിലവില്‍ അവനുണ്ടാക്കിയ പ്രശ്‌നം? എഡിറ്റുചെയ്ത വിഷ്വല്‍സ് കാണണമെന്ന് പറഞ്ഞു. അഭിനേതാക്കള്‍ പലരും എഡിറ്റുചെയതത് കാണാറില്ലേ; ചിത്രീകരിച്ച ഭാഗങ്ങള്‍ എങ്ങനെ വന്നിരിക്കുന്നുവെന്ന് കാണാനുള്ള അവകാശം അഭിനയിക്കുന്നവര്‍ക്കില്ലേ? ശ്രീനാഥ് ഭാസി ചോദിക്കുന്നു. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാനും സിനിമയില്‍നിന്ന് പുറത്താക്കാനുമുള്ള ഇവരുടെ ശ്രമം ആത്മാര്‍ഥമാണെങ്കില്‍ ഞാനും കുറെ പേരുകള്‍ പറയാം, എല്ലാം അന്വേഷിക്കട്ടെ എന്നും ശ്രീനാഥ് ഭാസി പറഞ്ഞിട്ടുണ്ട്.