Latest News

അപ്പോൾ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് ആർക്കും നല്ലതല്ലെന്ന് ഉദയനിധിയോട് ഗണേഷ് കുമാർ

Published

on

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശം വിഡ്ഢിത്തമെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. അപ്പോൾ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് ആർക്കും നല്ലതല്ലെന്നാണ് ഗണേഷ് കുമാർ പ്രതികരിച്ചത്. ഉദയനിധി സ്റ്റാലിൻ രാഷ്ട്രീയത്തിൽ വന്നത് അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും ആണ്. രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ച് വന്നയാളല്ല. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ കടുത്ത ഭാഷയിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

എല്ലാ മതവിശ്വാസങ്ങളും ആചാരങ്ങളും മാനിക്കപ്പെടണമെന്നും ​ഗണേഷ് കുമാർ പറഞ്ഞു. ഉദയനിധിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം കനക്കുന്നതിനിടയിലാണ് കെബി ഗണേഷ് കുമാറും വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനിടെ സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനും കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കുമെതിരെ യുപിയിൽ കേസെടുത്തു. രാംപൂർ പൊലീസാണ് കേസ് എടുത്തത്. ഹർഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകൻ നൽകിയ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഡൽഹി പൊലീസും ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തിരുന്നു.

ചെന്നൈയില്‍ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശമാണ് ദേശീയ തലത്തിൽ വിവാദങ്ങൾക്ക് കാരണമായത്. ‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും’. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version