Latest News
ലോകം ഭാരതത്തിലെത്തി, ജി 20 ഉച്ചകോടി ദൽഹിയിൽ തുടങ്ങി

ന്യൂ ഡൽഹി . ‘വസുധൈവ കുടുംബകം’ എന്ന വേദവാക്യം മുൻ നിർത്തി ഭാരത ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ഒത്തുചേരലിന് ന്യൂ ഡൽഹിയിൽ തുടക്കം. ലോക നേതാക്കൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടിക്ക് ശനി ഞ്യായർ ദിവസങ്ങളിൽ ഇന്ദ്രപ്രസ്ഥം ഇനി സാക്ഷ്യം വഹിക്കും. ഭാരതത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന ജി20 ആഗോള പ്രശ്ന പരിഹാര വേദിയാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഷയ കേന്ദ്രീകൃത സമ്മേളനങ്ങളില്‍ സമവായമായ ആശയങ്ങള്‍ക്ക് ജി20 അംഗീകാരം നൽകും.
നവഭാരതത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നതായിരിക്കും, നടരാജ വിഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഭാരത മണ്ഡപത്തിലെ ഉച്ചകോടി. ജി20 യുടെ അധ്യക്ഷത ഭാരതത്തെ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ കൂടുതല്‍ അടയാളപ്പെടുത്തുന്നതിന് ജി20 വഴിയൊരുക്കും. 60 നഗരങ്ങളിലായി 125 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം പ്രതിനിധികള്‍ക്ക് ആതിഥേയത്വം വഹിച്ച 200ലധികം യോഗങ്ങള്‍ സംഘടിപ്പിച്ച് ജി20യെ ജനകീയമാക്കിയതിന്റെ കലാശ കൊട്ട് കൂടിയാണ് ദല്‍ഹി ഉച്ചകോടി എന്ന് കൂടി പറയാം.
ഭീകരവാദം ചെറുക്കുക, ആഗോളതലത്തിലെ ആരോഗ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുക എന്നിവയുള്‍പ്പെടെ നിര്‍ണായക വിഷയങ്ങളാണ് ജി20 ചർച്ച ചെയ്യുക. ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ലോകത്താകമാനം ഊടും പാവും ചേർക്കാൻ രണ്ടു ദിവസത്തെ സമ്മേളനം വഴി തുറക്കും. ആഫ്രിക്കന്‍ യൂണിയനില്‍ നിന്നുള്ള രാജ്യങ്ങളെ ഭാഗമാക്കണമെന്ന ഭാരതത്തിന്റെ താത്പര്യത്തിന് അംഗ രാജ്യങ്ങള്‍ എത്ര മാത്രം പിന്തുണയ്‌ക്കുമെന്നതും സമ്മേളനത്തോടെ അറിയാം. ആഫ്രിക്കന്‍ യൂണിയന് ജി20ല്‍ സ്ഥിരാംഗത്വം നല്കിയതിന്റെ പേരിലാകും ഒരുപക്ഷേ ദല്‍ഹി ഉച്ചകോടി തുടർന്നുള്ള നാളുകളിൽ അറിയപ്പെടുക. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടണ്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി20 രാജ്യങ്ങള്‍.