Entertainment
ചന്ദ്രമുഖി ഭാഗം രണ്ടിന്റെ ട്രെയിലറിൽ നാഗവല്ലിയെ കോമഡിയാക്കിയെന്ന് പരക്കെ വിമർശനം
മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്ത് വലിയ വിജയം നേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്. തമിഴിൽ ചന്ദ്രമുഖി എന്ന പേരിലാണ് ചിത്രം ഇറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങി. ട്രയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാൽ രണ്ടാം ഭാഗം അത്ര പോര എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ചന്ദ്രമുഖി 2 വിലെ നായകവേഷം ചെയ്യുന്നത് രഘവ ലോറൻസ് ആണ്. നായിക ബോളിവുഡ് താരസുന്ദരി കങ്കണയും.
മണിച്ചിത്രത്താഴ് എന്ന മലയാള ചിത്രം തമിഴിലേക്കെത്തുമ്പോൾ കഥാപാത്രങ്ങളുടെ പേരിലും മാറ്റം കൊണ്ടു വന്നിരുന്നു. നാഗവല്ലി എന്ന കഥാപാത്രത്തിന് തമിഴിലെത്തുമ്പോൾ ചന്ദ്രമുഖി എന്നാണ് പേര്. കഥയിൽ ചന്ദ്രമുഖി എന്ന കഥാപാത്രത്തിനു വലിയ പ്രാധാന്യമുള്ളതു കൊണ്ട് ആ പേരു തന്നെ ചിത്രത്തിനും നൽകി. ചിത്രത്തിൽ ജോതികയാണ് ചന്ദ്രമുഖിയെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിനു ലഭിച്ച സ്വീകാര്യത രണ്ടാം ഭാഗത്തിന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ചന്ദ്രമുഖി വണ്ണിൽ രജനീകാന്തും ജോതികയും അഭിനയിച്ച് കയ്യടി നേടിയ ചിത്രത്തിന് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ല എന്ന അഭിപ്രായവും ഉയർന്നിരുന്നു.
മണിചിത്രത്താഴിൽ സബ് പ്ലോട്ടായി വരുന്ന കഥയാണ് രാമനാഥന്റെയും നാഗവല്ലിയുടേയും. അതാണ് ചന്ദ്രമുഖി 2 ലെ കഥ. കേൾക്കുമ്പോൾ താൽപ്പര്യം തോന്നുമെങ്കിലും ട്രെയിലറിന് പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ആയില്ല. ഹൊറർ കോമഡി വിഭാഗത്തിലാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ലൈക പ്രൊഡക്ഷനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വടിവേലു, ലക്ഷ്മി മേനോന്‍, സൃഷ്ടി ഡാന്‍ഗെ, രാധിക ശരത്കുമാർ, മഹിമ നമ്പ്യാർ, രവി മരിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ . എം.എം. കീരവാണി ചിത്രത്തിനു സംഗീതം നൽകുന്നത്. ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആർ.ഡി രാജശേഖറാണ്.
സെപ്തംബർ പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനു പേരിട്ടിരിക്കുന്നത് ഭൂൽ ഭുലയ്യ എന്നാണ്. മലയാളത്തിൽ ശോഭന അനശ്വരമാക്കിയ കഥാപാത്രം നടി വിദ്യ ബാലനാണ് ഹിന്ദിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനും. ഒന്നാം ഭാഗം വൻ വിജയമായതോടെ ഹിന്ദിയിൽ ആദ്യം തന്നെ രണ്ടാം ഭാഗം ഒരുക്കിയിരുന്നു.