Latest News
പനവല്ലിയെ വിറപ്പിച്ച കടുവ ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിലായി
കൽപ്പറ്റ . കഴിഞ്ഞ രണ്ടാഴ്ചയായി പനവല്ലിയെ വിറപ്പിച്ച കടുവ ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിലായി. രണ്ടാഴ്ചയായി കടുവയെ പിടികൂടാൻ പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ച് കാവലിരുന്നത് നാട്ടുകാർക്കൊടുവിൽ ആശ്വാസം ഉണ്ടാക്കി. ജനവാസ മേഖലയിൽ കടുവ നിലയുറപ്പിച്ചിട്ടും ആദ്യം കൂട്ടിൽ അകപ്പെട്ടിരുന്നില്ല. പനവല്ലി പുഴക്കര കോളനിയിൽ കഴിഞ്ഞദിവസം കടുവയെത്തിയിരുന്നു. ഇവിടെ വീടിനുള്ളിൽ വരെ കടുവ കയറി. പുഴക്കര കോളനിയിലെ കയമയുടെ വീടിനുള്ളിലേക്കാണ് കടുവ ഓടിക്കയറുന്നത്.
പട്ടിയ്ക്ക് പിന്നാലെ ഓടിയ കടുവ വീടിനകത്തേക്ക് കയറുകയായിരുന്നു. നായകളെയാണ് കടുവ കൂടുതലായും പിടികൂടി വന്നിരുന്നത്. അതിനാൽ കടുവയെ ആകർഷിക്കുന്നതിനായി കൂട്ടിൽ നായയെ കെട്ടിയിരുന്നു. പ്രദേശത്ത് ഇനിയും കടുവകൾ ഉണ്ടാകാം എന്ന നിഗമനത്തിലാണ് പ്രദേശവാസികൾ ഇപ്പോൾ.
ഒന്നിൽ കൂടുതൽ കടുവകളെ ഈ പ്രദേശത്തു നേരത്തെ നാട്ടുകാർ കണ്ടിട്ടുണ്ട്. കൂട്ടിൽ കയറിയ കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. നേരത്തെ ഇവിടെ നിന്ന് പിടികൂടിയ കടുവയെ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് വനം വകുപ്പ് അധികൃതർ ഇവിടെ തന്നെയുളള വന മേഖലയിൽ തുറന്നു വിട്ടയച്ചതാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കടുവയെ മയക്ക് വെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. മുപ്പതോളം ക്യാമറകൾ പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു.
കുപ്പാടിയിലെ അനിമൽ ഹോസ് സ്‌പെയ്സ് സെന്ററിൽ നിലവിൽ അഞ്ച് കടുവകളെയാണ് പരിപാലിച്ചു വരുന്നത്. ഇവിടെ നാല് കടുവകൾക്ക് മാത്രം ഉള്ള സൗകര്യമാണ് ഉള്ളത്. മാനന്തവാടിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് പിടികൂടിയ കടുവയും ഇക്കൂട്ടത്തിലുണ്ട്. രോഗം പിടിപ്പെട്ടതും പ്രായമായതുമായ കടുവകളെ പരിചരിക്കുന്നതിനായാണ് പാലിയേറ്റീവ് സെന്റർ ആരംഭിച്ചത്. കടുവകളുടെ എണ്ണം അഞ്ചായതോടെ പുതുതായി പിടികൂടുന്ന കടുവകൾക്ക് രോഗം പിടിപെട്ടതോ പരിക്കേറ്റതോ ആണെങ്കിൽ പാലിയേറ്റീവ് സെന്ററിൽ വെച്ച് ആവശ്യമായ ചികിത്സ നടത്തി ആരോഗ്യം വീണ്ടെടുത്ത ശേഷം വനത്തിൽ വിടുകയാണ് ചെയ്യാറുള്ളത്.