Latest News
ആദിത്യ എൽ -1 ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമായി
ബെംഗളുരു . ഇന്ത്യയുടെ അഭിമാനമായ സൗരദൗത്യം ആദിത്യ എൽ -1 ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമായി. ഞായറാഴ്ച പുലർച്ചെ 02.45 ഓടെ ആദിത്യ നാലാം ഭ്രമണപഥത്തിലേക്ക് കടന്നു. ഇപ്പോൾ ഭൂമിയിൽ നിന്നും കുറഞ്ഞത് 296 കി.മിയും കൂടിയത് 71,767 കിമി ദൂരത്തിലുമുള്ള ഭ്രമണപഥത്തിലാണ് ആദിത്യ ഉള്ളത്.
ബെംഗളുരുവിലെ ഇസ്ട്രാക്ക് കേന്ദ്രത്തിൽ നിന്നാണ് ആദിത്യ എൽ -1 ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തൽ നിയന്ത്രിച്ചത്. സെപ്റ്റംബർ 15 നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ നടക്കുക. പുലർച്ചെ 2 മണിയോടെ ഭ്രമണപഥം ഉയർത്തൽ നടക്കും. ശേഷം അഞ്ചാം ഭ്രമണപഥത്തിൽ കടന്ന ശേഷം എൽ -1 പോയിന്റിലേക്കുള്ള സഞ്ചാരം ആദിത്യ എൽ -1 തുടരും.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിക്കുന്നത്. 15 ദശലക്ഷം കിലോമീറ്റർ 125 ദിവസം കൊണ്ട് സഞ്ചരിച്ചായിരിക്കും പേടകം ലക്ഷ്യ സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ ദിവസം പേടകം പകർത്തിയ ചിത്രം ഇസ്രോ പുറത്തുവിട്ടിരുന്നു. ഉപഗ്രഹം 70 സെമി ഗ്രോത്ത് ഇന്ത്യ ടെലിസ്‌കോപ്പ് ആണ് വിജയകരമായി ചിത്രം പകർത്തിയിട്ടുള്ളത്. മുകളിൽ വലത് വശത്ത് നിന്നും താഴെ ഇടത്തേക്ക് സഞ്ചരിക്കുന്ന ഡയഗണൽ സ്ട്രീക്ക് കാണിക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന ചിത്രം.