Latest News
ആചാരം ലംഘിച്ച് ശ്രീകോവിലിൽ കയറിയ മുൻ രാജകുടുംബാംഗത്തെ പൊലീസ്, അറസ്റ്റ് ചെയ്തു നീക്കി
ക്ഷേത്രത്തിലെ ജന്മാഷ്ടമി ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ രാജകുടുംബാംഗത്തെ പുറത്താക്കി പോലീസ്. മധ്യപ്രദേശിലെ പന്നയിലെ പഴയ രാജകുടുംബാംഗമായ ജിതേശ്വരി ദേവിയെയാണ് ക്ഷേത്ര സന്നിധാനത്ത് പ്രവേശിച്ച് ക്ഷേത്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് പുറത്താക്കുന്നത്. സംഭവത്തിന് പിറകെ ജിതേശ്വരി ദേവിയെ അറസ്റ്റ് ചെയ്തു.
ബുന്ദേൽഖണ്ഡ് മേഖലയിലെ പ്രശസ്തമായ ശ്രീ ജുഗൽ കിഷോർ ക്ഷേത്രത്തിലാണ് ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷം നടക്കുന്നതിനിടെ ജിതേശ്വരി ദേവി സ്വയം ആരതി നടത്തണമെന്ന് നിർബന്ധം പിടിച്ച് ക്ഷേത്രത്തിലെ ആചാരങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ശ്രീകോവിലിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ഇവർ കാൽവഴുതി വീണു.
പൊലീസ് ക്ഷേത്രപരിസരത്ത് നിന്ന് പുറത്തുപോകാൻ രാജകുടുംബാഗത്തോട് ആവശ്യപ്പെട്ടതോടെ പിന്നെ വാക്ക് തർക്കം ഉണ്ടായി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജിതേശ്വരി ദേവി മദ്യപിച്ചിരുന്നതായും ക്ഷേത്ര അധികൃതരുമായി വഴക്കിടാൻ ശ്രമിച്ചതായും നാട്ടുകാർ ആരോപിച്ചിട്ടുണ്ട്. ഇവരെ പൊലീസ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോയി.
രാജകുടുംബത്തിലെ പുരുഷന്മാർ മാത്രമേ ക്ഷേത്രത്തിൽ ജന്മാഷ്ടമി സമയത്ത് ശുചീകരണ ചടങ്ങിൽ പങ്കെടുക്കാറുള്ളൂ. ജിതേശ്വരി ദേവിയുടെ മകന് ക്ഷേത്രത്തിൽ വരാൻ കഴിയാത്തതിനാൽ, അവർ തന്നെ ചടങ്ങുകൾ നടത്താനായി എത്തുകയായിരുന്നുവെന്നു പൊലീസ് സൂപ്രണ്ട് സായ് കൃഷ്ണ എസ് തോട്ട പറഞ്ഞു. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് കൊണ്ടുപോകുന്നതിനിടെ, ക്ഷേമനിധിയിൽ നിന്ന് പന്നയിൽ 65,000 കോടി രൂപ ഇവർ അപഹരിച്ചെന്നും ആരോപണം ഉണ്ടായിട്ടുണ്ട്.