Crime
സൈബർ ഭീഷണിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം പോലീസ് അന്വേഷിക്കുന്നു
കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി വെച്ച പിറകെ വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ ചേവായൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ്.
ലാപ്പ്‌ടോപ്പില്‍ വിദ്യാർത്ഥി സിനിമ കാണുന്നതിനിടെ 33900 രൂപ ആവശ്യപ്പെട്ട് കുട്ടിക്ക് സന്ദേശമെത്തുകയായിരുന്നു. 6 മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യപെട്ടിരുന്നത്. നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍ പൊലീസില്‍ വിവരം അറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്.
പണം അടച്ചില്ലെങ്കില് രണ്ട് ലക്ഷം രൂപ പിഴ ഈടാക്കുമെന്നും രണ്ട് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സന്ദേശം ലഭിച്ചതോടെ വിദ്യാർത്ഥി ഭയന്ന് ജീവനൊടുക്കുകയായിരുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചായിരുന്നു
കുട്ടിക്ക് ഭീഷണി സന്ദേശം കിട്ടുന്നത്.
കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആദിനാഥ് (16) ആണ് മരണപ്പെട്ടത്. വിദ്യാര്‍ഥിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരുകയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ പണം ആവശ്യപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഭവത്തിൽ പൊലീസ്.