Crime
വിമാനം പറന്നുയർന്ന പിറകെ മയക്ക് മരുന്ന് ലഹരിയിൽ യാത്രക്കാരൻ എമർജൻസി എക്‌സിറ്റ് തുറക്കാൻ നോക്കി അറസ്റ്റിലായി
വിമാനം പറന്നുയർന്ന പിറകെ ഇൻഡിഗോ വിമാനത്തിലെ എമർജൻസി എക്‌സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിലായി. 180 യാത്രക്കാരുമായി ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്ക് പുറപ്പെട്ട 6E-457 എന്ന വിമാനത്തിലാണ് സംഭവം നടക്കുന്നത്.
വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിലിനോട് ചേർന്ന് ഇരിക്കുന്ന ബിശ്വജിത്ത് ദേബ്നാഥ് എന്നയാളാണ് എർജൻസി എക്‌സിറ്റ് തുറക്കാൻ ശ്രമിക്കുന്നത്.
തൊട്ടടുത്തിരുന്ന മറ്റൊരു യാത്രക്കാരൻ തടയാൻ ശ്രമിച്ചിരുന്നെങ്കിലും ബിശ്വജിത്ത് ശ്രമം തുടർന്നുകൊണ്ടേയിരിക്കുകയായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്റുകൾ ഉൾപ്പടെയുള്ളവർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ബിശ്വജിത്ത് ഒന്നും കൂട്ടാക്കിയില്ല. ഈ സംഭവം വിമാനത്തിൽ യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിമാനം അഗർത്തലയിൽ ലാൻഡ് ചെയ്തതും ബിശ്വജിത്തിനെ അറസ്റ്റ് ചെയ്തു. ഇയാൾ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.