Latest News
മാസപ്പടി, പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരായ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി
കൊച്ചി . മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരായ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയിരിക്കുന്നത്. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്ന ഹര്‍ജിയും കോടതി തള്ളുകയായിരുന്നു..
ആരോപണവുമായി ബന്ധപ്പെട്ട വസ്തുതകളൊന്നും ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിനു കഴിഞ്ഞിട്ടില്ലെന്നാണ് കോടതി യുടെ കണ്ടെത്തൽ. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി നല്‍കിയിരുന്നത്. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് പോലും തെളിവില്ലെന്ന് പറയുന്നതാണ് കോടതിയുടെ നടപടി.
ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ഹര്‍ജി മതിയായ രേഖകളില്ലെന്നു ചൂണ്ടിക്കാട്ടി കോടതി മടക്കിനല്‍കിയിരുന്നു. വീണ്ടും സമര്‍പ്പിച്ച ഹര്‍ജിയാണ് തെളിവില്ലെന്നു വ്യക്തമാക്കി കോടതി തള്ളിയത്. ഹര്‍ജിക്കാരന്റെയും സര്‍ക്കാരിന്റെ അഭിഭാഷകര്‍ ഹാജരായിരുന്നെങ്കിലും കോടതി നേരത്തെ ഹര്‍ജി തള്ളുകയായിരുന്നു.
(വാൽ കഷ്ണം : കേസ് പരിഗണിക്കുന്ന പ്രത്യേക കോടതികളില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്നും ഒത്തുകളിക്കാരുമായി കോടതികള്‍ക്ക് അവിശുദ്ധ സഖ്യമുണ്ടെന്നും മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത് ശ്രദ്ധേയ പരാമർശം)