Crime

വാളയാറിലെ അമ്മയുടെ കണ്ണീരിനു ഇനിയും പരിഹാരമായില്ല, ഇതാണോ കേരളത്തിന്റെ നീതി?

Published

on

പാലക്കാട് . വാളയാറിൽ ആ അമ്മയുടെ കണ്ണീരിനു ഇനിയും പരിഹാരമായില്ല. ഇതാണോ നീതി? നീതി നിർവഹണത്തിന് തടസ്സമാവുകയാണോ അധികാരവും പണവും? ഇത്തരം മനുഷ്യ മനസാക്ഷിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളിൽ ഒരു സംസ്ഥാന ഭരണ കൂടത്തിന്റെ ഇടപെടൽ ഇത്തരത്തിലാണോ വേണ്ടത്? തമിഴ്നാട്ടിലെ പ്രത്യേക കോടതികളുടെ കാര്യത്തിൽ മദ്രാസ് ഹൈക്കോടതി പറഞ്ഞ വാക്കുകൾ ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുകയാണ് ചില പുഴുക്കുത്തുകൾ. ‘പ്രത്യേക കോടതികളിൽ ചിലതൊക്കെ ചീഞ്ഞു നാറുന്നുണ്ടെന്നു’ ഹൈക്കോടതി പറഞ്ഞത് പലതും ബാധ്യപെട്ടിട്ടാണ്. ‘പണമുള്ളവർക്കും സ്വാധീനം ഉള്ളവർക്കും വേണ്ടിയല്ല കോടതികളെന്നു’ ഹൈക്കോടതി പറഞ്ഞത് വെറുതെ അല്ല.

കേരളത്തിലെ വാളയാര്‍ കേസില്‍ സര്‍ക്കാരിനും സിബിഐക്കുമെതിരെ വിമര്‍ശനവുമായി വാളയാര്‍ കേസിലെ ഇരകളുടെ അമ്മ രംഗത്ത് വന്നിരിക്കുകയാണ്. വാളയാര്‍ കേസിലെ അന്വേഷണം മൂന്നാമതും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് പെണ്‍കുട്ടികളുടെ അമ്മ ഉന്നയിച്ചിരിക്കുന്ന പരാതി. ഇത് ലാഘവത്തോടെയോ ചെറുതായോ കാണാനാവില്ല. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം സര്‍ക്കാര്‍, സിബിഐയുമായി ഒത്തുകളിച്ച് അട്ടിമറിക്കുകയാണെന്നാണ് ഇരകളായ കുട്ടികളുടെ അമ്മയുടെ പരാതി. പ്രോസിക്യൂട്ടര്‍ നിയമനക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മലക്കം മറിഞ്ഞെന്നും അമ്മ വിമര്‍ശിച്ചിരിക്കുന്നു.

മുഖ്യമന്ത്രിക്ക് നിയമനം സംബന്ധിച്ച് നിരവധി കത്തുകള്‍ അയച്ചിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നാണ് ആ അമ്മ വിലപിക്കുന്നത്. രാജേഷ് എം മേനോനെ നിയമിക്കുന്നതിനെതിരെ അഡി.ഡിജിപി കോടതിയില്‍ നിലപാടെടുത്ത സംഭവത്തിലാണ് ഇതെന്ന് ഓർക്കണം. കേസിലെ സര്‍ക്കാര്‍ സിബിഐ നിലപാടുകള്‍ നിരാശാജനകമെന്നും അമ്മ ആരോപിച്ചിട്ടുണ്ട്. മക്കളെ നഷ്ടപ്പെട്ട് കൊല്ലം ആറ് കഴിയുമ്പോഴും നീതിക്കു വേണ്ടി വിലപിക്കുകയാണ് ഈ അമ്മ. ഈ അമ്മയുടെ കണ്ണീരിന്റെ പാപം എത്രത്തോളം വലുതെന്നു ഇന്ന് തിരിച്ചറിയാത്തവരാണ് ഇക്കാര്യത്തിൽ വഴിവിട്ട ചതിയുടെ കരുക്കൾ നീക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത് അടുത്ത് വരവേ സ്വന്തം പാർട്ടിയുടെ സൽപ്പേരിനു കളങ്കം വരരുതെന്ന് ദുഷ്ടലാക്കോടെ നടത്തുന്നവയൊക്കെ ഒരുമിച്ച് പ്രതിഫലം കിട്ടുന്നത് വൻ തിരിച്ചടികൾ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version