Culture
ചിങ്ങം 1 പിറന്നു, മലയാളികള്‍ക്കിത് പൊന്നിന്‍ ചിങ്ങ മാസം
കള്ളക്കര്‍ക്കിടകമെന്നു പൂര്‍വികരും രാമായണ മാസമെന്ന് മലയാളക്കരയും വിശേഷിപ്പിക്കുന്ന കര്‍ക്കിടകമാസം വിടപറഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങമാസം പിറന്നു. തുമ്പയും തുളസിയുെ മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി മന്നനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവും ചിങ്ങമാസത്തിനു കൊഴുപ്പേകുമിനി.
മലയാള മാസത്തിലെ ഒന്നാം തീയതി മറന്നാലും ആണ്ടുപിറവിയിലെ ക്ഷേത്രദര്‍ശനം മുടക്കം കൂടാതെ തുടരുന്ന ഭക്തർ ഏറെയാണ്. ദുരിതങ്ങളുടെയും അതിജീവനത്തിന്റെയും ദിനങ്ങള്‍ക്കിടയിലും ആര്‍ഭാടം കുറച്ച് ദുഃഖങ്ങള്‍ക്കവധികൊടുത്ത് ഓണത്തപ്പനെ അവർ വരവേല്‍ക്കും. ചിങ്ങപ്പിറവി പുതുവത്സരപ്പുലരിയാണ്, തെക്കന്‍ കേരളത്തിന്. ഓണനാളുകളെ വരവേല്‍ക്കാന്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊന്നിന്‍ ചിങ്ങം. വാമനന്റെ തിരുനാളാണ് തിരുവോണം. പൂവിടല്‍ നടത്തി തിരുവോണനാളില്‍ തൃക്കാക്കരയപ്പനെ വരവേറ്റ് പൂജിക്കുന്നു. തൃക്കാക്കരയപ്പന്‍ വാമനനാണ്.
കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മാസങ്ങള്‍ക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികള്‍ക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നതാണ്. ചിങ്ങമാസം ഒന്നാം തിയതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വെക്കപ്പെട്ട ദിവസമെന്ന പ്രത്യേകത കൂടി ഉണ്ട്.
പൂര്‍ണാവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മം കൊണ്ടു ധന്യമായ അഷ്ടമിരോഹിണി ഈ ചിങ്ങമാസത്തിലാണ്. ഭദ്രാവതാരത്തിലെ രണ്ട് അവതാരമൂര്‍ത്തികളുടെ ജന്മദിനങ്ങളും വിനായക ചതുര്‍ത്ഥിയും ചിങ്ങമാസത്തിന്റെ എടുത്തു പറയാവുന്ന സവിശേഷതയാണ്. മലയാളക്കരയെ സംബന്ധിച്ചിടത്തോളം ചട്ടമ്പിസ്വാമി തിരുവടികളും നാരായണഗുരുദേവനും പിറന്നതും ഈ മാസത്തിലാണ്. സാമൂഹ്യപരിഷ്‌ക ര്‍ത്താക്കളായ അയ്യന്‍കാളി, കെ.കേളപ്പന്‍ തുടങ്ങിയവരുടെ ജന്മമാസവും ചിങ്ങം തന്നെ. ആഘോഷ പെരുമയാര്‍ന്ന, ഒരു നല്ലനാളയുടെ പ്രതീക്ഷയോടെ ഈ ചിങ്ങപ്പുലരിയെ നമുക്ക് വരവേല്‍ക്കാം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയവും കോവിഡ് മഹാമാരിയും തീര്‍ത്ത പ്രതിസന്ധിയിലൂടെയായിരുന്നു മലയാളികളുടെ ഓണം കടന്നുപോയത്. എന്നാല്‍ നല്ല നാളേയ്ക്കായുളള പ്രത്യേശയോടെയാണ് ഏവരും ചിങ്ങപ്പുലരിയെ വരവേല്‍ക്കുന്നത്. ഏവര്‍ക്കും നല്ലൊരു പുതുവര്‍ഷം നേരുകയാണ് ‘അവതാർ’.