Crime
വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം, പ്രതികൾക്കെതിരെ തുടർ നടപടിക്ക് നിയമോപദേശം
കോഴിക്കോട് . പ്രസവ ശസ്ത്രക്രിയയ്ക്കിടെ കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ പ്രതികൾക്കെതിരെ തുടർ നടപടിയുമായി മുന്നോട്ടു പോകാമെന്നു പൊലീസിനു നിയമോപദേശം. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസിൽ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമർപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ഇതോടെ പോലീസ് സ്വീകരിക്കും.
പന്തീരാങ്കാവ് സ്വദേശിനി കെ.കെ.ഹർഷിനയുടെ വയറ്റിലാണ് ശസ്ത്രക്രിയക്കിടെ കത്രിക ഡോക്ടർമാർ മറന്നു വെച്ച് തുന്നികെട്ടിയത്.സംഭവത്തിൽ പോലീസ് രണ്ടുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു ചുമത്തുക. ജില്ലാ ഗവ. പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ കെ.എൻ.ജയകുമാറാണ് ഇതു സംബന്ധിച്ച നിയമോപദേശം അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എസിപി കെ.സുദർശന് നൽകിയിട്ടുള്ളത്.
കേരളത്തിലാകെ ഏറെ വിവാദമുണ്ടാക്കിയ കേസിൽ ഈ നിയമോപദേശം വളരെ സുപ്രധാനമായിരിക്കുകയാണ്. 2017 നവംബർ 30 നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നു വ്യക്തമാണെന്നാണു നിയമോപദേശത്തിൽ പറഞ്ഞിട്ടുള്ളത്. ഇത് തന്നെയായിരുന്നു പൊലീസിന്റെ കണ്ടെത്തലെന്നതും ശ്രദ്ധേയമാണ്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതി അനുഭവിച്ച വേദനകളും വിഷമങ്ങളും പ്രകാരം പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകാമെന്നാണു നിയമോപദേശത്തിൽ പറഞ്ഞിട്ടുള്ളത്.
ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടർമാർ, 2 നഴ്സുമാർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉണ്ടാവുക. 2017 ജനുവരി 27നു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ പരിശോധനയിൽ കാണാത്ത ലോഹ വസ്തുവാണു അഞ്ചു വർഷത്തിനു ശേഷം ഹർഷിനയുടെ വയറ്റിൽ നിന്നു കണ്ടെത്തിയത്. ഈ എംആർഐ റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണു മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ തന്നെയാണ് കത്രിക കുടുങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ നെഗ്ലിജൻസുണ്ടായതായി ജില്ലാ തല മെഡിക്കൽ ബോർഡ് അംഗീകരിക്കുകയുണ്ടായി. എന്നാൽ മെഡിക്കൽ കോളജിൽ നിന്നാണു കത്രിക കുടുങ്ങിയതെന്ന പൊലീസിന്റെ കണ്ടെത്തൽ ബോർഡ് അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെയും ഗവ. പ്ലീഡർ എം.ജയദീപിന്റെയും വിയോജന കുറിപ്പോടെ റിപ്പോർട്ട് ബോർഡ് തള്ളുകയായിരുന്നു. ഇതിനെതിരെ പൊലീസ് സംസ്ഥാന സമിതിക്ക് അപ്പീൽ സമർപ്പിച്ചിരിക്കെയാണ് തുടർ നടപടികളുമായി മുന്നോട്ടു പോകാമെന്ന നിയമോപദേശം കിട്ടുന്നത്. സംഭവത്തിൽ നീതി തേടി മെഡിക്കൽ കോളജിന് മുൻപിൽ ഹർഷിന നടത്തുന്ന സമരം 97 ദിവസം പിന്നിടുകയാണ്.
സംഭവം വിവാദങ്ങൾക്ക് തിരികൊളുത്തിയതിൽ പിന്നെ ഡോക്ടർമാരെയും നഴ്സുമാരെയും രക്ഷിക്കാനുള്ള ശ്രമമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആരോഗ്യ വകുപ്പും മന്ത്രിയും വരെ ഇക്കാര്യത്തിൽ കൂട്ട് നിൽക്കുകയായിരുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.