Entertainment
തീരാ നഷ്ടത്തിന് നാലാണ്ട്, അച്ഛന്റെ വിടവ് നികത്താനാവാത്തത് തന്നെ – നടൻ പ്രേംകുമാർ
‘ചില നഷ്ടങ്ങൾ നികത്താനാവാത്തത് തന്നെ. അച്ഛന്റെ മരണം അത്തരത്തിൽ ഒന്നായിരുന്നു’. നാലു വർഷം മുൻപാണ് നടൻ പ്രേംകുമാറിന്റെ അച്ഛൻ മരിച്ചത്. അച്ഛന്റെ ചിത്രത്തിനൊപ്പം നടൻ പ്രേംകുമാർ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അച്ഛൻ തങ്ങൾക്ക് എല്ലാമായിരുന്നു. അച്ഛനെ നഷ്ടപെട്ട വേദന ഇന്നും മനസിലുണ്ട്. പ്രേംകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നു.
ജീവിതത്തിലെയും കരിയറിലും ഉള്ള വിശേഷങ്ങൾ പ്രേം കുമാർ സോഷ്യൽ മിഡിൽയിൽ പങ്കുവെക്കാറുണ്ട്. അച്ഛനെ കുറിച്ചു അദ്ദേഹമെഴുതി ‘നിറഞ്ഞ സ്നേഹമായിരുന്നു അദ്ദേഹത്തിന്. ഈ രണ്ടായിരത്തി ഇരുപത്തി മൂന്നു സെപ്റ്റംബർ 13 നു നാലാണ്ട് തികയുകയാണ് അച്ഛന്റെ ഓർമകൾക്ക്. അച്ഛന്റെ സ്നേഹം തികഞ്ഞ കരുതലയായിരുന്നു. ആ കരുതൽ ഞങ്ങൾക്ക് കരുത്തായിരുന്നു. കുടുംബത്തിനാകെ തണലായിരുന്നു, താങ്ങായിരുന്നു, സ്വാന്ത്വനമായിരുന്നു ,എല്ലാമായിരുന്നു. എല്ലാമെല്ലാമായിരുന്നു അച്ഛൻ.
കനലുകൾ ഉള്ളിലെരിയുമ്പോഴും ആ കനലിൽവെന്ത ചെറുപുഞ്ചിരിയാൽ മുഖം മറച്ചു അച്ഛൻ. നന്മയുടെ കൂടൊരുക്കി, ഒരായുസ്സ് മുഴുവൻ കൂട്ടിലുള്ളോർക്ക് കൂട്ടായി, രക്ഷ കവചമായി, സർവ്വവുമായി, എന്നും ഇപ്പോഴും അച്ഛൻ. ഒക്കെയും ജീവിത ദൗത്യവുമായി കരുതി. എല്ലാം ജന്മ സാഫല്യവും സായുജ്യവുമായി കണ്ട് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, പരിഭവങ്ങളും പരാതികളും ഇല്ലാതെ ജീവിതം ജീവിച്ചു തീർത്ത പുണ്യമായ് അച്ഛൻ.’ (എല്ലാ അച്ഛന്മാർക്കും മുന്നിൽ ഹൃദയപൂർവ്വം ശിരസ്സ് നമിക്കുന്നു). പ്രേംകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും,മാത്രമല്ല പ്രേംകുമാറിന്റെ സാനിധ്യം. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കൂടിയാണ് പ്രേംകുമാർ.