Latest News
ഭാരതത്തിലേക്ക് ലോകം, ജി20 ഉച്ചകോടി രാജ്യതലസ്ഥാനത്ത് ഇന്ന് തുടക്കം, ആഗോള നേതാക്കൾ എത്തി
ന്യൂഡൽഹി . ലോകം ആകെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ശനിയാഴ്ച തുടക്കം. ഭാരതം ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കളെത്തി. പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് ജി20യുടെ പ്രധാനവേദി സജ്ജീകരിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജപ്പാന്റെ ഫ്യൂമിയോ കിഷിദ അടക്കമുള്ള നേതാക്കള്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ആഗോള നേതാക്കൾ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടി ഇന്ത്യക്ക് ചരിത്ര സംഭവമായി കുറിക്കപ്പെടും. ഇതാദ്യമായാണ് രാജ്യം ജി20 ഉച്ചക്കോടിയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചകോടി വേദിയും പ്രതിനിധികൾക്കുള്ള ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മരുന്നുകൾ ഒഴികെയുള്ള ഓൺലൈൻ ഡെലിവറി സേവനങ്ങൾ തടഞ്ഞുകൊണ്ട് കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്തംബർ 9-10 തീയതികളിലാണ് ജി20 ഉച്ചകോടി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 30-ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ജി20 അംഗരാജ്യങ്ങളും യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധി കൾക്കും പുറമെ ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ സുഹൃദ് രാഷ്‌ട്രങ്ങളായ ബംഗ്ലാദേശ്,കെനിയ,യുഎഇ എന്നിവരെയും ഭാരതം ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരെകൂടാതെ അർജന്റീനിയൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റമഫോസ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സൗദി അറേബ്യൻ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, എന്നിവർ രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കും.