Latest News
ചന്ദ്രയാൻ 3 ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്‌ത്തലും വിജയിച്ചു, പ്രതീക്ഷകളോടെ ഇന്ത്യ
ബെംഗളുരു . ചന്ദ്രയാൻ 3 ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്‌ത്തലും വിജയിച്ചു. ചന്ദ്രന്റെ 113 കിലോമീറ്റർ അടുത്തെത്തിയ ചന്ദ്രയാൻ 3 ലാൻഡർ പുലർച്ചെ 2 മണിയോടെയാണ് വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ ആരംഭിക്കുന്നത്.
ആദ്യം വിക്രം ലാൻഡറിനെ 90 ഡിഗി ചരിച്ച് ചന്ദ്രന് മുകളിൽ കുത്തനെയാക്കും. തുടർന്ന് വിക്രം ചന്ദ്രോപരിതലം വിശദമായി സ്കാൻ ചെയ്ത് ഇറങ്ങേണ്ട സ്ഥലം തീരുമാനിക്കും. ചന്ദ്രന് ഭൂമിയെപ്പോലെ അന്തരീക്ഷമില്ലാത്തതിനാല്‍, പാരാഷൂട്ടില്‍ വേഗത കുറച്ച് ഇറങ്ങാൻ കഴിയില്ല. തീരെ അപരിചിതമായ ചന്ദ്രോപരിതലം ലാന്‍ഡറിനു വെല്ലുവിളി ഉണ്ടാക്കുമെന്നാണ് കാരണം. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ കനത്ത പൊടിപടലങ്ങളുയരും. ഇത് സെന്‍സറുകള്‍ക്കു പ്രശ്നമുണ്ടാക്കിയേക്കും.
ത്രസ്റ്റര്‍ റോക്കറ്റുകളുടെ ജ്വലിപ്പിച്ചിരിക്കുന്ന അവസ്ഥക്ക് മാറ്റം വരാം, ഇതുമൂലം ഇടയ്‌ക്ക് പ്രവര്‍ത്തനം നിലച്ചേക്കാം. വിക്രം വേഗം കുറച്ചാലും പൊടിപടലം കുറയില്ല. ഇത് ക്യാമറ ലെന്‍സുകളെ മൂടാം. അങ്ങനെ വന്നാല്‍, വേഗം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാകും. ചന്ദ്രയാന്‍ 2ന്റെ പരാജയ കാരണങ്ങള്‍ പഠിച്ചു പരിഹരിച്ചാണ് മൂന്നാം ചന്ദ്രയാന്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രശ്നങ്ങളും ഒരുപരിധി വരെ പരിഹരിച്ചിരുന്നു.
ഇതിടെ, റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25ന്റെ ലാൻഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥമാറ്റം പൂർത്തിയാക്കാൻ പേടകത്തിനായില്ല. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. എന്നാൽ ഇത് സാധ്യമായിട്ടില്ല. സാങ്കേതിക തകരാർ ഉണ്ടായെന്നും പ്രശ്നം പരിശോധിച്ച് വരികയാണെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ അറിയിൽ പറഞ്ഞിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ മുൻനിശ്ചയിച്ചത് പോലെ ആഗസ്റ്റ് 21ന് സോഫ്റ്റ് ലാൻഡിങ്ങ് നടത്താൻ കഴിയില്ല.
(വാൽകഷ്ണം: ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനായി കാതോർത്ത് ഭാരതം)