Latest News

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

Published

on

തിരുവനന്തപുരം . റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
ആയുധം ഉപയോഗിച്ചതിന് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവും വിധിച്ചു. കഠിന തടവിന് ശേഷം ജീവപര്യന്തവും അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. സാലിഹും, അപ്പുണ്ണിയും കുറ്റക്കാരാണെന്ന് കഴിഞ്ഞ തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പ്രതികൾ പിഴത്തുക രാജേഷിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വേണ്ടത്ര തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിയാത്തതിനാൽ കേസിലെ ഒമ്പത് പ്രതികളെ കോടതി വെറുതെ വിടുകയുണ്ടായി. 2018 മാര്‍ച്ച് 27നാണ് രാജേഷ് കൊല്ലപ്പെട്ടത്. കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിംഗ് സ്റ്റുഡിയോക്കുള്ളില്‍ വച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടക്കുന്നത്. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രാജേഷിനെ വെട്ടിക്കൊല്ലുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്കും വെട്ടേൽക്കുകയുണ്ടായി. കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്ള സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സത്താറിന്റെ ഭാര്യയും നൃത്താദ്ധ്യാപികയുമായ യുവതിയുമായി വിദേശത്ത് ജോലി നോക്കുന്ന അവസരത്തിൽ രാജേഷിന് സൗഹൃദം ഉണ്ടായിരുന്നു, ഇതിനെ തുടര്‍ന്നുള്ള സംശയമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version