Art

വിശ്വകര്‍മ്മ ജനവിഭാഗത്തിന്റെ സ്വപ്‍ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

Published

on

തിരുവനന്തപുരം . പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മജര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് കൂട്ടത്തോടെ ബഹിഷ്‌കരിച്ച് പിണറായി സർക്കാർ. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌ക്കരിച്ചത്. വിശ്വകര്‍മ ജന വിഭാഗത്തിന്റെ ഉന്നമനം ലക്‌ഷ്യം വെച്ചുള്ള പദ്ധതി നടപ്പാവുന്നതോടെ വിശ്വകര്‍മജർ എല്ലാം മോദിക്ക് പ്രിയപ്പെട്ടവരായി മാറുമോ എന്ന ചങ്കിടിപ്പാണ് ബഹിഷ്‌കരണത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

വിശ്വകര്‍മജര്‍ക്ക് ധനസഹായം നല്‍കുക, പരിശീലനം, വിപണി സാദ്ധ്യതകള്‍ തുടങ്ങിയവയും പ്രദാനം ചെയ്യുന്ന പദ്ധതി തൊഴിലാളികളുടെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ ബഹിഷ്‌ക്കരിച്ചതിനു പിന്നില്‍ രാഷ്‌ട്രീയം മാത്രമാണ് ഉള്ളതെന്ന് വ്യക്തമാണ്. വിവിധ സ്വയം തൊഴിൽ പദ്ധതികൾക്കായി വിശ്വകര്‍മജര്‍ ലോണുകൾക്ക് അപേക്ഷിച്ചാൽ പോലും കിട്ടാത്ത അവസ്ഥയാണ് കേരളത്തിൽ നിലവിൽ ഉള്ളത്.

പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് വിപണിയില്‍ പോകാനും അവരുടെ ഉത്പന്നങ്ങളെ വ്യാപിപ്പിക്കാനും ഉപകരിക്കുന്ന കേന്ദ്രത്തിന്റെ വിശ്വകര്‍മ പദ്ധതി തൊഴിലാളി സ്നേഹം പറഞ്ഞു പറ്റിച്ച് ഉരുളയ്ക്ക് ഉപ്പേരി ഉണ്ടാക്കി നൽകുന്ന ഇടത് സർക്കാരിന് ചെകിടത്തേറ്റ അടിയാണ്. വോക്കല്‍ ഫോര്‍ ലോക്കല്‍ ഒരു ജില്ല ഒരു ഉല്പന്നം, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയവ പിഎം വിശ്വാകര്‍മ കേന്ദ്ര പദ്ധതികൾ വരുന്നതോടെ ഇത്രയും കാലം പറഞ്ഞു പറ്റിച്ചവരെ തിരിച്ചറിയുമല്ലോ എന്നാണ് ഇടത് സർക്കാർ ഭയക്കുന്നത്.

റെയില്‍വേ മന്ത്രാലയവും കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും ചേര്‍ന്നാണ് വിശ്വകര്‍മജര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജെ ആര്‍ അനില്‍, ആന്റണി രാജു എന്നിവരുടെ പേരും ഉണ്ടായിരുന്നു. ഒരാൾ പോലും അവിടേക്ക് തിരിഞ്ഞു നോക്കാൻ കൂട്ടാക്കിയില്ല. നോട്ടിസില്‍ പേരുണ്ടായിരുന്ന എംപിമാരായ ശശി തരൂര്‍, എ എ റഹിം, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നില്ല. വിശ്വകര്‍മജര്‍ക്ക് ധനസഹായം നല്‍കുക മാത്രമല്ല പരിശീലനം, വിപണി സാദ്ധ്യതകള്‍ തുടങ്ങിയവയും പ്രദാനം ചെയ്യുന്ന പദ്ധതി തൊഴിലാളികളുടെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ ബഹിഷ്‌ക്കരിച്ച സംഭവം ചടങ്ങിനെത്തിയ വിശ്വകര്‍മ സമൂഹത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version