Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.