Latest News
ബന്ദ് : കർണാടകയിലെ ജനജീവിതം സ്തംഭിപ്പിച്ചു
കാവേരി നദീജലത്തെ തുടർന്നുള്ള തർക്കവും, തമിഴ്നാടിന് വെള്ളം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിസിച്ചും കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് കർണാടകയിലെ ജന ജീവിതം സ്തംഭിപ്പിച്ചു. വൈകിട്ട് വരെ നീളുന്ന പ്രതിഷേധം സാധാരണ ജീവിതത്തെ ബാധിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ സംഘടനകളിൽപെട്ട 50 ഓളം പേർ കസ്റ്റഡിയിയായിട്ടുണ്ട്. ഗതാഗത സൗകര്യങ്ങളും ഹോട്ടലുകളും മറ്റ് സൗകര്യങ്ങളും തടസ്സപ്പെടുത്താൻ ശ്രമിച്ചവരാണ് അറസ്റ്റിലായിരിക്കുന്നത്.
ബെംഗളൂരു മെട്രോ റെയില്‍ പ്രവര്‍ത്തനക്ഷമമാണ്. സംസ്ഥാനത്തെ ഒട്ടു മിക്ക കടകളും മാളുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കൊപ്പം ഹോട്ടലുകളും റസ്റ്റോറന്റുകളും ഫിലിം തിയേറ്ററുകളും പ്രവര്‍ത്തിക്കുന്നില്ല. ബെംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും വന്‍തോതില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരിക്കുന്നു.
ഹൈവേകള്‍, ടോള്‍ ഗേറ്റുകള്‍, റെയില്‍വേ സര്‍വീസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവകളെയും ബന്ദ് ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയില്‍ ആണ് തമിഴ്നാടിനു വെള്ളം നൽകുന്നതിൽ ശക്തമായ പ്രതിഷേധമുള്ളത്. തലസ്ഥാനമായ ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. ബെംഗളൂരു നഗരത്തില്‍ സെക്ഷന്‍ 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ ബന്ദ് അനുവദിക്കില്ലെന്നും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 144-ാം വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞിട്ടുള്ളത്.
കര്‍ണാടക സംരക്ഷണ വേദികെ, കന്നഡ ചളവലി (വാതല്‍ പക്ഷ), വിവിധ കര്‍ഷക സംഘടനകള്‍ എന്നിവയുള്‍പ്പെടെയുള്ള കന്നഡ സംഘടനകളുടെ ഒരു കൂട്ടായ്മയായ കന്നഡ ഒക്കുതയാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും ബന്ദിന് പിന്തുണ നൽകുന്നുണ്ട്.
ബെംഗളൂരു, മാണ്ഡ്യ ജില്ലാ ഭരണകൂടങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്കുകളും ആശുപത്രികളും ഫാര്‍മസികളും പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും തുറന്നിട്ടുണ്ട്. മൈസൂരു, കുടക്, മാണ്ഡ്യ, ചാമരാജനഗര്‍, രാമനഗര എന്നിവിടങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ പതിവുപോലെ സര്‍വീസ് തുടരാന്‍ സംസ്ഥാന ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും, വളരെ കുറച്ച് ബസുകൾ മാത്രമാണ് സർവീസിനായുള്ളത്.
ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയനും ഒല ഊബര്‍ ഡ്രൈവേഴ്സ് ആന്‍ഡ് ഓണേഴ്സ് അസോസിയേഷനും (OUDOA) ബന്ദിന് പിന്തുണ നല്‍കുന്നുണ്ട്. ബൃഹത് ബംഗളൂരു ഹോട്ടല്‍ അസോസിയേഷനും കര്‍ണാടക സ്റ്റേറ്റ് പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ജില്ലകളില്‍ ബന്ദ് കണക്കിലെടുത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബെംഗളൂരുവിലെ ടൗണ്‍ ഹാള്‍ മുതല്‍ ഫ്രീഡം പാര്‍ക്ക് വരെ വിപുലമായ റാലിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും വിവിധ സംഘടനകളിലുള്ളവരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.
കൃഷ്ണഗിരി, ധര്‍മ്മപുരി, സേലം, ഈറോഡ്, നീലഗിരി തുടങ്ങിയ അതിര്‍ത്തി ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാര്‍ക്കും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തമിഴ്നാട് പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ചെക്ക്പോസ്റ്റുകളില്‍ സുരക്ഷാ വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ബന്ദ് കണക്കിലെടുത്ത് അധികൃതര്‍ ഹെല്‍പ്പ് ലൈന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നവര്‍ 9498170430, 9498215407 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതിനുള്ള കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെയും (CWMA) അതിന്റെ അസിസ്റ്റിംഗ് ബോഡിയായ കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയുടെയും (CWRC) തീരുമാനങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ആണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഒക്ടോബര്‍ 15 വരെ തമിഴ്നാടിന് സെക്കന്‍ഡില്‍ 3,000 ഘനയടി (ക്യുസെക്സ്) വെള്ളം വിട്ടുനല്‍കണമെന്ന കാവേരി നദീജല നിയന്ത്രണ സമിതിയുടെ നിര്‍ദേശം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യങ്ങളോട് പറഞ്ഞു.