Crime
ആലുവയിൽ എട്ടുവയസുകാരിയോട് അക്രമി കാട്ടിയത് കൊടും ക്രൂരത, സ്വകാര്യ ഭാഗത്ത് ഗുരുതര പരിക്ക്

കൊച്ചി . ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങളും ദൃശ്യങ്ങളും ലഭിച്ചു. പ്രദേശത്തെ പല വീടുകളുടെയും മുന്നിൽ പ്രതിയെത്തിയിരുന്നു എന്നാണ് ദൃശ്യങ്ങൾ നൽകുന്ന വിവരം. പ്രതി ആരാണെന്ന് കൃത്യമായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് ഫോട്ടോ കാണിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയും ആളെ തിരിച്ചറിയുകയുണ്ടായി.
ചുവന്ന ഷർട്ട് ധരിച്ച പ്രതി, കൃത്യം നടത്തിയതിൽ പിന്നെ ആലുവയിലെ തോട്ടുമുഖം ഭാഗത്ത് പുലർച്ചെ വരെ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. പ്രതിയെ കണ്ടെത്താൻ വൻ പൊലീസ് സംഘം പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തുകയാണ്. സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ ഒരു സംഘം പൊലീസിനെ ആശുപത്രി പരിസരത്തും വിന്യസിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ 2.30 ഓടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുന്നത്. പ്രതി അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവത്തിന് സമീപവാസിയായ സുകുമാരന്‍ ദൃക്‌സാക്ഷിയായിരുന്നു. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ തോളിലിട്ട് കൊണ്ടുപോകുന്നത് സുകുമാരൻ കാണുന്നത്. കനത്ത മഴ പെയ്യുകയായിരുന്നു അപ്പോൾ. കുട്ടി കരയുന്നുണ്ടായിരുന്നു. സുകുമാരനാണ് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകളും പ്രദേശവും പരിശോധിക്കുന്നത്. അന്വേഷണം തുടരുന്നതിനിടെ നഗ്നമായ നിലയില്‍ പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നതാണ് കാണാനായത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവേറ്റ നിലയിൽ രക്തം ഒഴുകുന്നുണ്ടായിരുന്നു.