Latest News
ബിജെപിക്കുള്ളിലെ തമ്മിലടി മുറുകുമ്പോൾ
ഗ്രൂപ്പ് വിഭാഗീയതയ്ക്കും പോരിനും ഒടുവിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് കെ. സുരേന്ദ്രൻ എത്തിച്ചേർന്നത്. ഏറ്റവുമൊടുവിൽ കെ. സുരേന്ദ്രനു കീഴിൽ പദവികൾ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എ.എൻ രാധാകൃഷണൻ വ്യക്തമാക്കിയതോടെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ദേശീയ സംഘടനാ സെക്രട്ടറിയുമായുള്ള ചർച്ചയിലും രാധാകൃഷണൻ തന്റെ നിലപാട് ആവർത്തിക്കുകയായിരുന്നു. മാസങ്ങളോളമുണ്ടായ തർക്കങ്ങൾക്കൊടുവിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനെ തെരഞ്ഞെടുത്തത്. എന്നാൽ ഇതിനുശേഷവും പ്രശ്‌നങ്ങളുടെ തീനാളം അണഞ്ഞിരുന്നില്ല. ഗ്രൂപ്പ് വിദ്വേഷത്തിന്റെ ഈ അഗ്നിക്ക് മുകളിൽ നിന്നു കൊണ്ടാണ് സുരേന്ദ്രന്റെ കീഴിൽ ഒരു സ്ഥാനവും വഹിക്കില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞത്.
കെ. സുരേന്ദ്രന്റെ സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ് കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവരടക്കമുള്ളവർ ബഹിഷ്‌കരിച്ചിരുന്നു. തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും ചടങ്ങിൽനിന്ന് വിട്ടുനിന്ന ജനറൽ സെക്രട്ടറിമാരായ എം. ടി രമേശ്, എ. എൻ രാധാകൃഷ്ണൻ എന്നിവരെ താക്കീത് നൽകി വിളിച്ചുവരുത്തുകയായിരുന്നു. കുമ്മനം രാജശേഖരൻ അടക്കമുള്ള എതിർ ഗ്രൂപ്പ് നേതാക്കളുടെ അസാന്നിധ്യം വരുത്തി വച്ച മുറുമുറുപ്പിനെത്തുടർന്നായിരുന്നു ഇത്. കെ. സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരാണ് വിട്ടുനിന്ന ശോഭ സുരേന്ദ്രനും എ. എൻ രാധാകൃഷ്ണനും എം. ടി രമേശും. മൂന്നുപേരും കൃഷ്ണദാസ് പക്ഷത്തുള്ളവരാണ്. അതേസമയം വി. മുരളീധരൻ വിരുദ്ധ പക്ഷത്താണ് മുൻ സംസ്ഥാന അധ്യക്ഷൻകൂടിയായ കുമ്മനം രാജശേഖരൻ.
അതേസമയം, ഒ. രാജഗോപാൽ, മുൻ സംഘടനാ സെക്രട്ടറി പി. പി മുകുന്ദൻ, ദേശീയ സെക്രട്ടറി എച്ച്. രാജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ പ്രസിഡന്റ് സി. കെ പത്മനാഭനാണ് കുമ്മനം അടക്കമുള്ളവരുടെ അസാന്നിധ്യം ചടങ്ങിൽ പരാമർശിച്ചത്. തുടർന്നാണ് തിരുവനന്തപുരത്തുണ്ടായിരുന്ന എ. എൻ രാധാകൃഷ്ണൻ, എം ടി രമേശ് എന്നിവരെ വിളിച്ചുവരുത്താൻ എച്ച് രാജ നിർദേശിച്ചത്. കെ. സുരേന്ദ്രനെ അംഗീകരിക്കില്ലെന്നാണ് കൃഷ്ണദാസ് പക്ഷ നേതാക്കൾ വെട്ടിത്തുറന്ന് പറയുന്നു. ബിജെപി നേതൃതത്തിലെ ചേരിതിരിവ് രൂക്ഷമായി തുടരുന്നതിനിടെ കെ. സുരേന്ദ്രന്റെ സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ് കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവരടക്കമുള്ളവർ ബഹിഷ്‌കരിച്ചത് ഒരു വിഭാഗം പ്രവർത്തകരെ നന്നേ ചൊടിപ്പിച്ചിരിക്കുകയാണ്.
ബിജെപി നേതൃത്വത്തിലെ പ്രതിസന്ധി കൂടതൽ മൂർച്ഛിച്ചിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കാനെത്തിയ കെ സുരേന്ദ്രന് രാവിലെ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി. പി കെ കൃഷ്ണദാസ് പക്ഷത്തിന്റെയും ആർഎസ്എസിലെ ഒരു വിഭാഗത്തിന്റെയും എതിർപ്പിനെ അവഗണിച്ചാണ് നിയമനം. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പിഎസ് ശ്രീധരൻപിള്ള, ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം എം ടി രമേശിനുവേണ്ടിയാണ് വാദിച്ചിരുന്നത്.
എന്നാൽ, കേന്ദ്രമന്ത്രി വി മുരളീധരന് കേന്ദ്രത്തിലുള്ള സ്വാധീനമാണ് സുരേന്ദ്രന്റെ നിയമനത്തിൽ നിർണായകമായത്. മുരളീധരന്റെ അടുത്ത ആളായ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന്റെ റിപ്പോർട്ടും സുരേന്ദ്രന് സ്ഥാനം ലഭിക്കാൻ അനുകൂല ഘടകമായി മാറി.വി മുരളീധരൻ ഗ്രൂപ്പിന്റെ ശക്തനായ വക്താവാണ് സുരേന്ദ്രൻ. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ പാലക്കാട്, തിരുവനന്തപുരം ജില്ലാ കമ്മിറ്റികൾമാത്രമാണ് മുരളീധരപക്ഷത്തിന് ലഭിച്ചത്.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അഭിപ്രായവോട്ടെടുപ്പിൽ കൂടുതൽപേർ അനുകൂലിച്ചത് എം. ടി രമേശിനെയായിരുന്നു. സുരേന്ദ്രനെ അനുകൂലിക്കില്ലെന്ന നിലപാടാണ് ആർഎസ്എസ് എടുത്തിരുന്നത്. ഇക്കാര്യം ബി. എൽ സന്തോഷുമായി പാലക്കാട്ടെ കൂടിക്കാഴ്ചയിൽ ആർഎസ്എസ് വ്യക്തമാക്കിയിരുന്നു. പ്രസിഡന്റായി സുരേന്ദ്രനെ നിയമിക്കുമെന്ന് കേന്ദ്രനേതൃത്വം അറിയിച്ചപ്പോൾ എങ്ങനെ വേണമെങ്കിലും തീരുമാനിച്ചുകൊള്ളൂ എന്ന് പറഞ്ഞ് ആർഎസ്എസ് കൈയൊഴിഞ്ഞു. വി മുരളീധരനെ എംപിയും മന്ത്രിയുമാക്കിയതും ആർഎസ്എസിനോട് ആലോചിച്ചായിരുന്നില്ല.
മുരളീധരപക്ഷവും കൃഷ്ണദാസ്പക്ഷവും ഭിന്നത രൂക്ഷമായപ്പോൾ സമവായമായി കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കണമെന്ന നിർദേശം ആർഎസ്എസ് മുന്നോട്ടുവച്ചെങ്കിലും കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല. സംസ്ഥാന പ്രസിഡന്റാകാൻ കരുക്കൾ നീക്കിയിരുന്ന എ. എൻ രാധാകൃഷ്ണൻ, എം ടി രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർക്ക് കോംപ്രമൈസ് എന്ന നിലയിൽ അർഹമായ സ്ഥാനങ്ങൾ നൽകും. ഭൂരിപക്ഷാഭിപ്രായത്തെ കേന്ദ്രനേതൃത്വം വളഞ്ഞ വഴിയിലൂടെ അട്ടിമറിച്ചുവെന്നാണ് സുരേന്ദ്രനെ പ്രസിഡന്റാക്കിയതിനോട് ഒരു നേതാവ് പ്രതികരിച്ചത്. അതേസമയം ജാതി ഉച്ചനീചത്വം ബിജെപിയിൽ രൂക്ഷമായതാണ് ഈ ചേരി തിരിയലിന് പിന്നിലുള്ള അജണ്ട. കീഴ്ജാതിക്കാരായി പരിഗണിച്ചിരുന്ന ജാതിസമൂഹത്തെ ഇപ്പോഴും സർവർണർ എന്ന് സ്വയം കരുതുന്ന വിഭാഗത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന വസ്തുതയാണ് ഗ്രൂപ്പ് പോരായി അവതരിച്ചിരിക്കുന്നത്.