Entertainment
കാവേരി നദീജല തർക്കം: കർണാടകയിലെത്തിയ തമിഴ് നടൻ സിദ്ധാർത്ഥിനെ പ്രസ് മീറ്റിൽ നിന്ന് ഇറക്കിവിട്ടു
കാവേരി നദീജല തർക്കം രൂക്ഷമായിരിക്കെ കർണാടകയിലെത്തിയ തമിഴ് നടൻ സിദ്ധാർത്ഥിനെ കന്നഡ രക്ഷണ വേദി പ്രവർത്തകർ പ്രസ് മീറ്റിൽ നിന്ന് ഇറക്കിവിട്ടു. ബംഗളൂരു മല്ലേശ്വരത്തുള്ള എസ് ആർ വി തിയേറ്ററിൽ വച്ചായിരുന്നു സംഭവം. ‘ചിക്കു’ എന്ന സിനിമയുടെ പ്രമോഷനായിട്ടാണ് നടൻ കർണാടകയിലെത്തിയത്. തമിഴ് സിനിമകൾ കർണാടകയിൽ പ്രദർശിപ്പിക്കരുതെന്ന് കന്നഡ സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്ന് കന്നഡ രക്ഷണ വേദി പ്രവർത്തകർ സിദ്ധാർത്ഥിന്റെ വാർത്താ സമ്മേളനം തടയുകയാണ് ഉണ്ടായത്. ‘ചിക്കു’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ പ്രസ് മീറ്റിനിടെ ഒരു കൂട്ടം ആളുകൾ തിയേറ്ററിന് ഉള്ളിൽ പ്രവേശിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും നന്ദി പറഞ്ഞ് സിദ്ധാർത്ഥ് അവിടെ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
തമിഴ്നാടിന് 15 ദിവസത്തേയ്ക്ക് 5000 ക്യുസെസ് വീതം അധിക ജലം വിട്ടു നൽകണമെന്ന് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കുന്നതിനെതിരെയാണ് കർണാടകയിൽ പ്രതിഷേധം കണക്കുന്നത്. വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് അധികജലം തമിഴ്നാടിന് നൽകാൻ മന്ത്രിസഭ തീരുമാനിക്കുന്നത്. ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി കർഷക, കന്നഡ അനുകൂല സംഘടനകൾ രംഗത്തെത്തുകയായിരുന്നു. സംഭവത്തോടെ മുൻകരുതൽ ആയി ബംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ പൊലീസ് സുരക്ഷാ സന്നാഹം ശക്തമാക്കിയിരിക്കുകയാണ്.