Culture

ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാം, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം

Published

on

ന്യൂജേഴ്സി . ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്നു. ഭാരതത്തിന് പുറത്തുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണ് ന്യൂജേഴ്‌സിയിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിനുള്ളത്. ഒക്ടോബർ 8ന് ക്ഷേത്രം ഔദ്യോഗികമായി ലോകത്തെ ഹൈന്ദവ വിശ്വാസികൾക്കായി തുറന്നു നൽകും.

ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിൽ നിന്നും 90 കിലോ മീറ്റർ അകലെയും വാഷിംഗ്ടൺ ഡിസിയിൽ നിന്നും 289 കിലോ മീറ്റർ അകലെയുമായാണ് സ്വാമിനാരായൺ അക്ഷർധാം സ്ഥിതിചെയ്യുന്നത്. ന്യൂജേഴ്‌സിയിലെ റോബിൻസ്വില്ലേ ടൗൺഷിപ്പിലാണ് ബാപ്‌സ് സ്വാമിനാരായൺ ഹിന്ദുക്ഷേത്രമുള്ളത്. കഴിഞ്ഞ 12 വർഷത്തോളമായി ഇതിന്റെ പണി നടന്നു വരുകയായിരുന്നു. 2011 മുതലാണ് ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇന്ത്യയിൽ നിന്നടക്കമുള്ള 12,500 തൊഴിലാളികളുടെ ശ്രമം ഫലമായാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയായിരിക്കുന്നത്. 2014 ഓഗസ്റ്റ് 10ന് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിർമാണം പൂർത്തിയായതോടെ ഭക്തർക്കായി തുറന്നുകൊടുത്തിരുന്നു.

ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും നിരവധി പേർ ഇതിനോടകം തന്നെ ക്ഷേത്ര ദർശനത്തിനായി ഇവിടേക്ക് എത്തുന്നുണ്ട്. ഏകദേശം 183 ഏക്കറിലധികം പ്രദേശത്താണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നത്. ഹിന്ദു സംസ്‌കാരവും പുരാതന ഹിന്ദു ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കിയാണ് ക്ഷേത്രത്തിന്റെ രൂപകൽപന. അതിവിശിഷ്ടമായ കൊത്തുപണികളും ക്ഷേത്രചുവരുകളിൽ തീർത്തിട്ടുണ്ട്. ആയിരം വർഷം നീണ്ടുനിൽക്കുന്ന തരത്തിലാണ് ക്ഷേത്രം രൂപകൽപന ചെയ്തിരിക്കുന്നത്.

അക്ഷർധാമിലെ ഓരോ കല്ലിനും സവിശേഷതയുണ്ട്. തിരഞ്ഞെടുത്ത നാല് തരം കല്ലുകളിൽ ലൈംസ്റ്റോൺ, പിങ്ക് സാൻഡ്സ്റ്റോൺ, മാർബിൾ, ഗ്രാനൈറ്റ് എന്നിവ ഉൾപ്പെടുന്നു. ഇതിന് കടുത്ത ചൂടും തണുപ്പും നേരിടാൻ കഴിയും. ഒക്ടോബർ 8ന് ബാപ്‌സ് ആത്മീയ ആചാര്യൻ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ ഔപചാരികമായി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 18 മുതൽ ഇത് ഭക്തർക്കായി തുറന്നുകൊടുക്കും.

ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ അങ്കോർ വാട്ട് കംബോഡിയയിലാണ് ഉള്ളത്. നിലവിൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ ക്ഷേത്രം 500 ഏക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു. സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ലോകത്തേറ്റവും വലിയ രണ്ടാമത്തെ ഹിന്ദുക്ഷേത്രമാകും സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം. ആധുനിക കാലഘട്ടത്തിൽ നിർമ്മിച്ച ഏറ്റവും വലിയ ക്ഷേത്രമെന്ന ബഹുമതി സ്വാമിനാരായൺ അക്ഷർധാമിന് മാത്രം സ്വന്തമാണ്. 2005 നവംബറിൽ പൊതുജനങ്ങൾക്കായി തുറന്ന ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം100 ഏക്കറിൽ സ്ഥിതി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version