Crime

ബലാത്സംഗ കേസ് ഒതുക്കി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഡി വൈ എസ് പിയുടെ തൊപ്പി തെറിച്ചു

Published

on

ഇടുക്കി . രാജസ്ഥാൻ സ്വദേശിനിയായ 35 കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുടെ അന്വേഷണത്തിനിടെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയുടെ തൊപ്പി തെറിച്ചു. പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിനെയാണ് സംഭവത്തിൽ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

രാജസ്ഥാൻ സ്വദേശിയായ യുവതി കഴിഞ്ഞ മെയ് എട്ടിനു കുമളിയിൽ ബലാത്സംഗത്തിന് ഇരയാവുന്ന സംഭവത്തിൽ ഡി വൈ എസ് പി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കട്ടപ്പനയിൽ ഭൂമി ഇടപാടുകൾ നടത്തുന്ന രണ്ട് യുവാക്കൾ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി, ചെങ്കര സ്വദേശി സക്കീർ മോൻ എന്നിവരാണ് 35-കാരിയെ ബലാത്സംഗം ചെയ്തതിനു അറസ്റ്റിലായിരിക്കുന്നത്.

യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുക്കുകയും ഇവർ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി 35 ലക്ഷം വിലമതിപ്പുള്ള സ്വർണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഡിവൈഎസ്പി കുര്യാക്കോസ് കേസിൽ ഇടപ്പെട്ടതോടെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ട് എസ് പി ക്ക് ലഭിക്കുന്നത്.

തെളിവുകൾ നശിപ്പിച്ച പ്രതികൾ ഡൽഹിയിലേക്ക് കടന്നു കളഞ്ഞു. അവിടെ നിന്ന് ജൂൺ 15-നാണ് പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി, ചെങ്കര സ്വദേശി സക്കീർ മോൻ എന്നീ പ്രതികൾ പിടിയിലാവുന്നത്. തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് ഡിവൈഎസ്പി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന വിവരം അറിയാൻ കഴിയുന്നത്. ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പിയുടെ ഇടപെടൽ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version