Entertainment
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ പദയാത്ര
തൃശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച് പദയാത്ര നടത്താനൊരുങ്ങി നടന്‍ സുരേഷ് ഗോപി. സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് സുരേഷ് ഗോപിയുടെ പദയാത്ര നടക്കുക. സഹകരണ ബാങ്ക് കൊള്ളക്കെതിരെ സഹകാരി സംരക്ഷണ പദയാത്ര എന്ന പേരിലാണ് യാത്ര. നടനും മുൻ എംപിയുമായ സുരേഷ് ഗോപി നയിക്കുന്ന യാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി പി എം നേതാക്കളുടെ അറിവോടെ കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെയാണ് സുരേഷ് ഗോപി കാല്‍നടയാത്ര നടത്തുന്നത്.
സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ നടപടി ഉണ്ടാകണം, കരുവന്നൂരിലടക്കം തട്ടിപ്പിനിരയായ സഹകാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം, സഹകരണ ബാങ്കുകളെ സിപിഎം നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി പദയാത്ര സംഘടിപ്പിക്കുന്നത്. സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ അറിയിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എം പ്രതിക്കൂട്ടില്‍ ആണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ കണ്ണന്‍, മുന്‍ മന്ത്രി കൂടിയായ എ സി മൊയ്തീന്‍ എന്നിവരും ആരോപണ വിധേയരായി മുൻ നിരയിൽ ഉണ്ട്. കഴിഞ്ഞ ദിവസവും എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് കേസുമായി ബന്ധപ്പെട്ട തൃശൂരിലെ വിവിധ സഹകരണ ബാങ്കുകളിലും എറണാകുളത്തും റെയ്ഡ് നടത്തിയിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. വിജയിക്കാനായി ല്ലെങ്കിലും മണ്ഡലത്തില്‍ സജീവമായിരുന്ന താരം, രാജ്യസഭയിലെ മുന്‍ എം പി കൂടിയാണ്.
സഹകരണ ബാങ്കുകളിൽ നടന്നിരുന്ന തട്ടിപ്പുകൾ പുറത്തുവരും എന്നതിനാലാണ് കേന്ദ്ര സഹകരണവകുപ്പിനെ സിപിഎം എതിർത്തത്. നോട്ട് നിരോധനത്തിന് ശേഷം സഹകരണ ബാങ്കുകൾ വഴി സിപിഎം കള്ളപ്പണം വെളുപ്പിച്ചതായും ബിജെപി ആരോപിക്കുന്നു. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച സഹകാരികൾ ആശങ്കയിലാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി ധവളപത്രം പുറത്തിറക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.