Crime
മണിപ്പൂരിൽ സൈനികനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
മണിപ്പൂരിൽ അവധിയിലായിരുന്ന സൈനികനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാൽ വെസ്‌റ്റ് ജില്ലയിൽ അജ്ഞാതരായ ചിലർ സൈനികനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
ശനിയാഴ്‌ച രാവിലെ 10 മണിയോടെ സെർട്ടോ തങ്താങ് കോം എന്ന പേരുള്ള സൈനികനെ മൂന്നു പേര് ചേർന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സെർട്ടോ തങ്താങ് കോം അവധിയിലായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്തെ ലെയ്‌മഖോങ് മിലിട്ടറി സ്‌റ്റേഷനിലാണ് അദ്ദേഹത്തിന് ചുമതല ഉണ്ടായിരുന്നത്.
ഏക ദൃക്‌സാക്ഷിയായ 10 വയസ്സുള്ള മകൻ പറയുന്നത് പ്രകാരം, ഇരുവരും വീടിന്റെ മുറ്റത്ത് ജോലി ചെയ്യുന്നതിനിടെ മൂന്ന് പേർ അവിടേക്ക് എത്തി ‘സായുധരായ ചിലർ സൈനികന് നേരെ പിസ്‌റ്റൾ ചൂണ്ടുകയും സംഭവസ്ഥലത്ത് നിന്ന് ഒരു വെള്ള വാഹനത്തിൽ കയറ്റി കൊണ്ട് പോവുകയുമായിരുന്നു’ അദ്ദേഹത്തിന്റെ മകനെ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നു.
‘ഞായറാഴ്‌ച പുലർച്ചെ വരെ കോമിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല, രാവിലെ 9.30ഓടെ ഇംഫാൽ ഈസ്‌റ്റിലെ സോഗോൾമാങ് പിഎസിനു കീഴിലുള്ള മോങ്‌ജാമിന് കിഴക്ക് ഖുനിംഗ്‌തെക് ഗ്രാമത്തിൽ നിന്ന് കോമിന്റെ മൃതദേഹം കണ്ടെത്തി’ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സൈനികന്റെ തലയിൽ വെടിയേറ്റതായി കോമിന്റെ സഹോദരനും ഭാര്യാ സഹോദരനും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. സൈനികന്റെ അന്ത്യകർമങ്ങൾ കുടുംബത്തിന്റെ ആഗ്രഹപ്രകാരം നടത്തുമെന്നും, മരിച്ചയാളുടെ കുടുംബത്തെ സഹായിക്കാൻ സൈന്യം ഒരു സംഘത്തെ എത്തിച്ചിട്ടുണ്ടെന്നുമാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം.