Crime
‘സിദ്ദിഖിനെ ഫർഹാനയെ കൊണ്ട് വിളിച്ചു വരുത്തി കൊന്നു കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവിൽ കൊക്കയിലെറിഞ്ഞു’ കുറ്റപത്രം
കേരളത്തെ നടുക്കിയ തിരൂർ സിദ്ദിഖ് കൊലക്കേസിൽ പൊലീസ് കുറ്റപത്രം നൽകി. മാങ്കാവിലെ ഹോട്ടലുടമ തിരൂർ സ്വദേശി മേച്ചേനി സിദ്ദിഖിനെ (58) കൊലപ്പെടുത്തിയ കേസിൽ പൊലീസ് 3000 പേജുള്ള കുറ്റപത്രം ആണ് കോഴിക്കോട് ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി-4ൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ മുഹമ്മദ് ഷിബിൽ, ഫർഹാന എന്നിവരാണ് ഒന്നും രണ്ടും പ്രതികളായിട്ടുള്ളത്. ഇവരെ സഹായിച്ച ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖ് ആണ് കേസിലെ മൂന്നാം പ്രതി.
ഇക്കഴിഞ്ഞ മേയ് 18നാണ് എരഞ്ഞിപ്പാലത്തെ ലോഡ്‌ജ്മുറിയിൽ വച്ച് സിദ്ദിഖ് കൊലചെയ്യപ്പെടുന്നത്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം കാറും ഒന്നരലക്ഷം രൂപയും പ്രതികൾ തട്ടിയെടുത്തതായും കുറ്റപത്രപത്തിൽ പറയുന്നുണ്ട്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃത ശരീരം വെട്ടിനുറുക്കി ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവിലെ കൊക്കയിലെറിയുകയാണ് ഉണ്ടായത്. കൊല നടന്നതിന് പിന്നാലെ അന്നേ ദിവസവും പിറ്റേന്നും സിദ്ദിഖിൻ്റെ അക്കൗണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയോളം പിൻവലിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നു. പണം പിൻവലിച്ചതായി കൊല്ലപ്പെട്ട മകൻ്റെ ഫോണിലേക്ക് സന്ദേശമെത്തിയ പിന്നാലെ സിദ്ദിഖ് ഉപയോഗിച്ചിരുന്ന ഫോണും ഓഫായതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം ഉണ്ടാവുന്നത്.
സിദ്ദിഖിനെ മേയ് 18 മുതൽ കാണാതായെന്നായിരുന്നു കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നത്. പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ കുറ്റവാളികളിലേക്ക് എത്തി. സിദ്ദിഖ് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് സിദ്ദിഖിൻ്റെ ഹോട്ടലിൽ ജീവനക്കാരനായെത്തിയ ആളാണ് ഷിബിൽ. ഷിബിലിനേയും സുഹൃത്ത് ഫർഹാനയേയും കേന്ദ്രീകരിച്ചാണ് അന്വേഷണം ആദ്യം തന്നെ മുന്നോട്ടു പോയത്. ഫർഹാനയ്ക്ക് സിദ്ദിഖുമായി നേരത്തെ ബന്ധമുണ്ടായിരുന്നു എന്നും ഫർഹാനയാണ് ഷിബിലിയെ ഹോട്ടലിൽ ജോലിക്ക് എത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഹോട്ടലിൽ നടന്ന ക്രമക്കേടിന്റെ പേരിൽ ഷിബിലിനെ കൊല നടക്കുന്ന ദിവസം സിദ്ദിഖ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
സിദ്ദിഖിനെ ഹണിട്രാപ്പിൽ പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി ഫർഹാന ശാരീരിക ബന്ധത്തിനായി സിദ്ദിഖിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഹോട്ടലിൽ എത്തിയ സിദ്ദിഖ് ഫർഹാനയുടെ കൂടെ ഷിബിലിനേയും കണ്ട് ഞെട്ടി. തുടർന്ന് തർക്കവും കൊലപാതകവും അരങ്ങേറുകയായിരുന്നു. കൊലക്ക് ശേഷം സിദ്ദിഖിൻ്റെ മൃതദേഹം പ്രതികൾ പല ഭാഗങ്ങളായി മുറിച്ച് ബാഗിനുള്ളിലാക്കി ഹോട്ടലിൽ നിന്ന് പുറത്ത് കടത്തി, അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവിലെ കൊക്കയിലെറിയു കയായിരുന്നു. തുടർന്ന് ചെന്നൈയിലേക്ക് പോയ ഇവരെക്കുറിച്ച് ചെന്നൈ പൊലീസിലും ആർ.പി.എഫിലും കേരള പൊലീസ് വിവരം നൽകിയതിനെ തുടർന്ന് ചെന്നൈ എഗ്‌മോർ റെയിൽവെസ്‌റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു.