Crime
‘ഷാരോൺ കൊല കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു’ ഷാരോണിന്റെ പിതാവ് ജയരാജ്
തിരുവനന്തപുരം . പാറശ്ശാല ഷാരോൺ കൊല കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി മരണപ്പെട്ട ഷാരോണിന്റെ പിതാവ് ജയരാജ്. ഹൈക്കോടതിയിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നും ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെ എതിർക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ജയരാജ് ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ജയരാജ് ഇക്കാര്യത്തിൽ ആരോപിച്ചു.
നീതിക്കായി ഏത് അറ്റം വരെയും പോകും. മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും. നീതിക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ജയരാജ് പറഞ്ഞു. ഗ്രീഷ്മ വിദേശത്തേക്ക് കടക്കുമോ എന്ന് ഭയമുണ്ട്. കേസ് നീട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും ജയരാജ് സംശയമുന്നയിക്കുകയുണ്ടായി. ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിക്കുന്നത്. പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മ ജാമ്യത്തിലിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാൻ കൂട്ടാക്കിയില്ല. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ‘എന്റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെ’ന്നായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം.
പാറശാല സ്വദേശി ഷാരോണിനെ കഷായം നൽകി ഗ്രീഷ്മ കൊലപ്പെടുത്തുന്നത് കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാതെ വന്നതോടെ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നു. നെയ്യൂരിലെ സ്വകാര്യ കോളേജിൽ റേഡിയോളജി ബിരുദ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. ബസ് യാത്രക്കിടയിലാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. 10 മാസം നീണ്ട പ്രണയമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നപ്പോൾ ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ വിസമ്മതിക്കുകയായിരുന്നു.
ഷാരോണിനെ തന്റെ വീട്ടിലേക്ക് ശാരീരിക ബന്ധത്തിനായി വിളിച്ചു വരുത്തി സെപ്റ്റംബർ 14നാണ് ഗ്രീഷ്മ വിഷം കഷായത്തിൽ കലക്കി നൽകുന്നത്. 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഷാരോൺ മരണപ്പെടുന്നത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയ കേസിൽ പിന്നീട് കേരളം ഞെട്ടിയ വഴിത്തിരിവുണ്ടാവുകയായിരുന്നു. കുറ്റകൃത്യത്തിന് സഹായികളായതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരു പ്രതികൾക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.