Entertainment
മുംബൈയിലെ ജനപ്രിയ റെസ്റ്റോറന്റിൽ ഷാരൂഖും ഉറ്റസുഹൃത്തായ നടിയും ഒത്തുകൂടിയിരുന്നു
ഷാരൂഖ് ഖാന്റെ സൗഹൃദം ഇപ്പോഴും ഏറെ വാർത്ത പ്രാധാന്യം നേടാറുണ്ട്. ജൂഹി ചൗള, കാജോൾ, കരൺ ജോഹർ, ഫറാ ഖാൻ എന്നിവരാണ് കിങ് ഖാന്റെ അടുത്ത സുഹൃത്തുക്കൾ എന്നാണ് പൊതുവെ സിനിമ ലോകം പറയുന്നത്. ഇവരുമായെല്ലാം താരം അടുത്ത ബന്ധമാണ് പുലർത്തിയത്. സിനിമയ്ക്ക് പുറത്ത് ചടങ്ങുകളിലും ബിസിനസിലും ഐപിഎല്ലിലുമൊക്കെ ആരാധകർ കണ്ടതാണ്. എന്നാൽ ഷാരൂഖിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ഇവരാരുമല്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബാരി ജോണിന്റെ തിയറ്റർ ഗ്രൂപ്പിലെ ബാച്ച് മേറ്റായ ദിവ്യ സേത്താണ് ഷാരൂഖിന് ഏറ്റവും പ്രിയപ്പെട്ട ആൾ.
വർഷങ്ങൾക്ക് മുമ്പ്, മുംബൈയിലെ ഒരു ജനപ്രിയ റെസ്റ്റോറന്റിൽ ഷാരൂഖും ദിവ്യയും ഒത്ത് കൂടിയിരുന്നു. ഒരു സെൽഫിയിലൂടെ നിമിഷം കിംഗ് ഖാൻ പകർത്തി, ദിവ്യയെ തന്റെ ‘ഏറ്റവും നല്ല സുഹൃത്ത്’ എന്ന കമന്‍റോടെ അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ഉണ്ടായി.
അന്ന് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഷാരൂഖ് ഖാൻ പങ്കുവെച്ചിരുന്നത്. തന്നെ അഭിനയം പഠിപ്പിച്ചത് ദിവ്യയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദിവ്യയോട് നന്ദി പറഞ്ഞുകൊണ്ട് ഷാരൂഖ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ അവർ വീണ്ടും തമ്മിൽ കണ്ടുമുട്ടിയ ചിത്രം പങ്കുവെക്കുകയും ചെയ്തു. ‘എന്നെ അഭിനയം പഠിപ്പിച്ച എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ദിവ്യ. ദിവ്യ പറഞ്ഞുതന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അഭിനയത്തിൽ മുന്നോട്ടുപോയത്.’ കിംഗ് ഖാൻ എഴുതി.
ദിവ്യ സേത്ത്, ടെലിവിഷൻ ഷോകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്. ഷാരൂഖ് ഖാനുമായുള്ള അവരുടെ ബന്ധം വളരെ കാലം മുതൽക്കേ പ്രശസ്തമാണ്. നാടകപഠന ക്ലാസിലാണ് ഇവരുടെ ബന്ധത്തിന്റെ തുടക്കം. 1988-ൽ ലേഖ് ടണ്ടൻ സംവിധാനം ചെയ്ത ദിൽ ദാര്യ എന്ന ടിവി സീരിയലിലും ഇരുവരും ഒരുമിച്ചു. എന്നാൽ ഷാരൂഖ് സിനിമകളുടെ ലോകത്തേക്ക് എത്തി, ഒരു ബോളിവുഡ് സൂപ്പർസ്റ്റാറായി മാറി. ദിവ്യ മിനിസ്ക്രീനിൽ തന്റെ കരിയർ തുടർന്നു വന്നു.
അധികാര്, ദരാർ, സ്പർശ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് ദിവ്യ സേത്ത് പ്രശസ്തയാവുന്നത്. അഞ്ച് വർഷത്തെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത ശേഷം അവർ ബോളിവുഡിലേക്ക് എത്തി. ഇംഗ്ലീഷ് വിംഗ്ലീഷ്, ദിൽ ധഡക്‌നേ ദോ, ജബ് വി മെറ്റ്, സർദാർ കാ ഗ്രാൻഡ്‌സൺ എന്നീ സിനിമകളിൽ അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നെ, സിറ്റി ഓഫ് ഡ്രീംസ്, ദുരംഗ, ദ മാരീഡ് വുമൺ, സാൻഡ്‌വിച്ച്ഡ് ഫോറെവർ തുടങ്ങിയ നിരവധി വെബ് സീരീസുകളിലും അഭിനയിച്ചു. ഷാരൂഖ് ഖാൻ ഇപ്പോൾ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര, പ്രിയാമണി, സുനിൽ ഗ്രോവർ, യോഗി ബാബു, റിധി ദോഗ്ര എന്നിവരുൾപ്പെടെ വൻതാരനിരയാണ് ജവാനിൽ അണിനിരക്കുന്നത്.